ധോണിയിൽ ഇനിയും ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ട് : മുൻ ഐ.പി.എൽ ചെയർമാൻ
മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയിൽ ഇനിയും ഒരുപാട് ക്രിക്കറ്റ് ബാക്കിയുള്ളതായി മുൻ ഇന്ത്യൻ പ്രീമിയർ ലീഗ് ചെയർമാൻ രാജീവ് ശുക്ല. ധോണി വളരെ മികച്ച ക്രിക്കറ്ററാണെന്നും താരത്തിൽ ഇനിയും ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ടെന്നും ശുക്ല പറയുന്നു.
ധോണി എപ്പോഴാണ് വിരമിക്കേണ്ടതെന്ന് ധോണി തന്നെ തീരുമാനിക്കണമെന്നും മുൻ ഐ.പി.എൽ ചെയർമാൻ പറഞ്ഞു. ഒരു താരത്തിന്റെ റിട്ടയർമെന്റ് തീരുമാനിക്കേണ്ടത് താരം തന്നെയാണെന്നും അതാണ് ബി.സി.സി.ഐ നിയമമെന്നും ശുക്ല കൂട്ടിച്ചേർത്തു.
2019ൽ ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിൽ ന്യൂസിലാൻഡിനെതിരായ മത്സരത്തിനു ശേഷം ധോണി ഇന്ത്യൻ ടീമിന് വേണ്ടി കളിച്ചിട്ടില്ല. തുടർന്ന് താരത്തിന്റെ വിരമിക്കലുമായി ബന്ധപ്പെട്ട് ഒരുപാട് ഊഹാപോഹക്കൾ പ്രചരിച്ചിരുന്നെങ്കിലും താരം ഇതുവരെ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല. മാർച്ച് 23ന് ആരംഭിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിനെ നയിച്ചുകൊണ്ടാകും ധോണിയുടെ ക്രിക്കറ്റിലേക്കുള്ള തിരിച്ചു വരവ്.