റഫറി ജോനാഥൻ മോസ്സിനെതിരെ പ്രീമിയർ ലീഗിന് പരാതി നൽകി ബോർൺമൗത്ത്
പ്രീമിയർലീഗ് റഫറിയായ ജോനാഥൻ മോസിനെതിരെ പരാതിയുമായി പ്രീമിയർ ലീഗ് ക്ലബ് ബോർൺമൗത്ത് രംഗത്ത്. ഷെഫീൽഡ് യുണൈറ്റഡുമായുള്ള കഴിഞ്ഞ മത്സരത്തിൽ റഫറിയുടെ തീരുമാനങ്ങളും വാക്കുകളും ആണ് ബോർൺമൗത്ത് താരങ്ങളെ പ്രകോപിപ്പിച്ചത്. ഈ മത്സരത്തിൽ 2-1 നു തോറ്റ ബോർൺമൗത്ത് നിലവിൽ ലീഗിൽ തരം താഴ്ത്തൽ ഭീഷണി നേരിടുന്ന ക്ലബുകളിൽ ഒന്നാണ്. നിലവിൽ 19 സ്ഥാനത്ത് ആണ് ടീം. മത്സരത്തിനിടയിൽ മോസിന്റെ പ്രവർത്തികൾക്കും വാക്കുകൾക്കു മെതിരെ രൂക്ഷ വിമർശനമാണ് ബോർൺമൗത്ത് താരം ഡാൻ ഗോസിലിങ് നടത്തിയത്. തങ്ങൾക്ക് മത്സരത്തിൽ ഒരു ബഹുമാനവും മോസ് മത്സരത്തിൽ നൽകിയില്ല എന്നും ഗോസിലിങ് തുറന്നടിച്ചു.
തങ്ങൾ തരം താഴ്ത്തൽ നേരിടുന്ന ക്ലബ് ആണെന്ന് നിരന്തരം മോസ് പറഞ്ഞതായി ആരോപിച്ച ഗോസിലിങ്, മോസ് പ്രീമിയർ ലീഗിനു തന്നെ നാണക്കേടാണെന്നും തുറന്നടിച്ചു. മത്സരശേഷം മോസ് മാപ്പ് പറയണമായിരുന്നു എന്നും ഗോസിലിങ് കൂട്ടിച്ചേർത്തു. എന്നാൽ ബോർൺമൗത്ത് മോസിനെതിരെ നൽകിയ പരാതിയിൽ ഇത് വരെ പ്രതികരിക്കാൻ പ്രീമിയർ ലീഗ് അധികൃതരോ, ഫുട്ബോൾ അസോസിയേഷനോ തയ്യാറായിട്ടില്ല.