റോട്ടർഡാമിൽ ഡേവിഡ് ഗോഫിനെ അട്ടിമറിച്ച് 18 കാരൻ
റോട്ടർഡാം എ. ടി. പി 500 മാസ്റ്റേഴ്‌സിൽ നാലാം സീഡും ലോക പത്താം നമ്പറുമായ ബെൽജിയം താരം ഡേവിഡ് ഗോഫിനെ അട്ടിമറിച്ച് 18 കാരൻ യാനിക് സിന്നർ. നിലവിലെ എ. ടി. പി പുതുതലമുറ ജേതാവ് കൂടിയായ ഇറ്റാലിയൻ താരം ആദ്യ 100 റാങ്കിലുള്ള ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ്. ഗോഫിനെ പരാജയപ്പെടുത്തിയതോടെ തന്റെ കരിയറിലെ ആദ്യ എ. ടി. പി 500 ക്വാർട്ടർ ഫൈനലിലേക്ക് ആണ് സിന്നർ മുന്നേറിയത്. തന്റെ കരിയറിൽ ആദ്യമായാണ് ആദ്യ 10 റാങ്കിലുള്ള ഒരു താരത്തെ സിന്നർ മറികടക്കുന്നത്.
ടൈബ്രെക്കറിലേക്ക് നീണ്ട ആദ്യ സെറ്റിൽ തന്റെ മികവ് നിലനിർത്തിയ യുവതാരം സമ്മർദ്ദങ്ങളെ അതിജീവിച്ച് സെറ്റ് കൈക്കലാക്കി. രണ്ടാം സെറ്റിൽ തിരിച്ചു വരാൻ പൊരുതി നോക്കിയ നാലാം സീഡിന് എതിരെ പക്ഷെ യുവ ഇറ്റാലിയൻ താരം വിട്ട് കൊടുക്കാൻ ഒരുക്കമല്ലായിരുന്നു. ഗോഫിന്റെ അവസാന സർവീസ് ബ്രൈക്ക് ചെയ്ത സിന്നർ 7-5 നു രണ്ടാം സെറ്റും മത്സരവും സ്വന്തം പേരിൽ കുറിച്ചു. ടെന്നീസിലെ അടുത്ത സൂപ്പർ സ്റ്റാറുകളിൽ ഒരാൾ ആയി പലരും കണക്കാക്കുന്ന സിന്നറുടെ കരിയറിലെ ഏറ്റവും വിലയേറിയ ജയമാണിത്.