Others Top News

കൊറോണയെ മുൻനിർത്തി അനാവശ്യ ഭീതി പരത്തുന്നവർക്കെതിരെ വിമർശനവുമായി ടോക്കിയോ ഒളിമ്പിക്സ് തലവൻ

February 14, 2020

author:

കൊറോണയെ മുൻനിർത്തി അനാവശ്യ ഭീതി പരത്തുന്നവർക്കെതിരെ വിമർശനവുമായി ടോക്കിയോ ഒളിമ്പിക്സ് തലവൻ

കൊറോണ വൈറസ് ഭീഷണി നിലനിൽക്കെ ഒളിമ്പിക്സ് മത്സരങ്ങൾ നീട്ടിവക്കും, ഒഴിവാക്കും തുടങ്ങിയ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി ടോക്കിയോ ഒളിമ്പിക്‌സ് സി.ഇ.ഒ. കൊറോണ വൈറസിനെ സംബന്ധിച്ച് നിരവധി കള്ള പ്രചരണങ്ങൾ നടക്കുന്നതായി പറഞ്ഞ അദ്ദേഹം ഗെയിംസ് നീട്ടിവക്കുന്നതിനെ പറ്റിയോ ഉപേക്ഷിക്കുന്നതിനെപ്പറ്റിയോ ഇതുവരെ ആലോചിച്ചിട്ടില്ലെന്നും വ്യക്തമാക്കി. ഒളിമ്പിക്‌സ് നടക്കാൻ ഇനി ഏതാണ്ട് 161 ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ഇത്തരം വ്യാജ പ്രചാരണങ്ങൾ അസംബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനകം തന്നെ ഏഷ്യയിൽ നിരവധി കായിക ഇനങ്ങൾ കൊറോണ ഭീതി മൂലം മാറ്റി വെക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തിരുന്നു. എന്നാൽ പൂർണസുരക്ഷക്കാവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും തങ്ങൾ നടത്തുമെന്നാണ് ടോക്കിയോ മേയർ യൂരിക്കോ കോയിക്കെ ഉറപ്പ് നൽകിയത്. ഇതു വരെ കൊറോണ മൂലം മരണങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിലും ജപ്പാനിൽ 28 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്, ഇവരിൽ 4 പേർ ഇപ്പോഴും ഗുരുതര അവസ്ഥയിലാണ്.

കൂടാതെ 174 യാത്രക്കാരുള്ള ജപ്പാൻ ആഡംബര കപ്പലിൽ നിരവധി പേർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു, ഇവർ ഇപ്പോഴും കപ്പലിൽ തുടരുകയാണ്. കൊറോണ വൈറസ് ഭീക്ഷണി എന്ന് ഒഴിവാകും എന്ന കാര്യത്തിൽ വ്യക്തത ഇല്ലാത്തതിനാൽ പലരും ഒളിമ്പിക്‌സ് നടത്തിപ്പിൽ ഇതിനകം ആശങ്കകൾ അറിയിക്കുന്നുണ്ട്. എന്നാൽ എല്ലാം നല്ല നിലയിൽ നടക്കും എന്ന പ്രതീക്ഷയിൽ ആണ് ജപ്പാൻ അധികൃതരും ഒളിമ്പിക് കമ്മിറ്റിയും. ചൈനയിൽ നിന്ന് ആരംഭിച്ച കൊറോണ വൈറസ് ബാധിച്ച് ഇതിനകം തന്നെ ഏതാണ്ട് 1400 മരണങ്ങൾ സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞു.

Leave a comment