നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലകന്‍ റോബര്‍ട്ട് ജാര്‍നിയെ പുറത്താക്കി
മോശം പ്രകടനത്തെ തുടര്‍ന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലകന്‍ റോബര്‍ട്ട് ജാര്‍നിയെ ടീം മാനേജ്മെന്റ് പുറത്താക്കി. കഴിഞ്ഞ ദിവസം ജംഷേദ്പൂര്‍ എഫ്‌സിയുമായി ടീം 3-3 എന്ന നിലയില്‍ സമനിലയില്‍ പിരിഞ്ഞതിനു പിന്നാലെയാണ് പരിശീലകനെ പുറത്താക്കിയത്. സീസണിന്റെ തുടക്കത്തില്‍ തിളങ്ങിയെങ്കിലും നോര്‍ത്ത് ഈസ്റ്റിന് പിന്നീട് തുടര്‍രെ തോല്‍വികൾ ഏറ്റുവാങ്ങുകയായിരുന്നു.
പരിശീലകനും പരിശീലക സംഘവുമായി ബന്ധം വിച്ഛേദിക്കുന്നതായി ക്ലബ്ബ് അറിയിച്ചു. ഇരു വിഭാഗവും തമ്മിലുള്ള പൊതുവായ ധാരണ പ്രകാരമാണ് തീരുമാനം. ജാര്‍നിക്കും അദ്ദേഹത്തിന്റെ സംഘത്തിനും നന്ദി അറിയിക്കുന്നതായും ക്ലബ്ബ് തങ്ങളുടെ പ്രസ്താവനയിൽ പറയുന്നു. സീസണില്‍ പുതിയ പരിശീലകനെ നിയമിച്ചേക്കില്ല. മൂന്ന് കളികള്‍ മാത്രമാണ് ഇനി നോര്‍ത്ത് ഈസ്റ്റിന് ശേഷിക്കുന്നത്. സഹപരിശീലകനായിരുന്ന ഖാലിദ് ജമാലിനെ താത്കാലിക പരിശീലകനായി നിയമിക്കുമെന്നും അറിയിപ്പിലുണ്ട്.
നിലവില്‍ 15 കളികളില്‍നിന്നും 13 പോയന്റുമായി നോര്‍ത്ത് ഈസ്റ്റ് ഒന്‍പതാം സ്ഥാനത്താണ്. അസമോവ ഗ്യാന്‍ ഉള്‍പ്പെടെയുള്ളവര്‍ പരിക്കേറ്റ് മടങ്ങിയത് ടീമിന് തിരിച്ചടിയായിരുന്നു. പ്രതിരോധത്തിലും മുന്നേറ്റത്തിലും ടീമിന്റെ നിറംകെട്ടു. ഇത്തവണ ഐഎസ്എല്‍ ൽ പാതിവഴിയില്‍ സ്ഥാനം നഷ്ടമാകുന്ന മൂന്നാമത്തെ പരിശീലകനാണ് ജാര്‍നി, ഹൈദരാബാദ് പരിശീലകന്‍ ഫില്‍ ബ്രൗണ്‍, ചെന്നൈയിന്റെ ജോണ്‍ ഗ്രിഗറി തുടങ്ങിയവര്‍ക്കും നേരത്തെ സ്ഥാനം നഷ്ടമായിരുന്നു.






































