ആദ്യ അണ്ടർ 19 ലോകകപ്പ് കിരീടം സ്വന്തമാക്കി ബംഗ്ലാദേശ്
അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ച് ബംഗാൾ കടുവകൾ കിരീടം സ്വന്തമാക്കി. ഇത് ആദ്യമായാണ് ബംഗ്ലാദേശ് അണ്ടർ 19 ലോകകപ്പ് കിരീടം സ്വന്തമാക്കുന്നത്. ഇന്ത്യയക്കെതിരെ അക്ബര്‍ അലി നടത്തിയ ബാറ്റിങ്ങ് ആണ് ബംഗ്ലാദേശിനെ ആദ്യ കിരീടം നേടുന്നതിൽ സഹായിച്ചത്. മൂന്ന് വിക്കറ്റിനാണ് ബംഗ്ലാദേശ് ഇന്ത്യയെ തോൽപ്പിച്ചത്. ഇന്ത്യ ഉയർത്തിയ 178 റൺസ് പിന്തുടർന്ന ബംഗ്ലാദേശ് പ്രതിരോധം മുൻനിർത്തിയാണ് വിജയം സ്വന്തമാക്കിയത്. മഴ മൂലം മത്സരം വൈകിയതോടെ ബംഗ്ലാദേശിന്റെ വിജയ ലക്ഷ്യം 46 ഓവറിൽ 170 ആക്കി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ബാറ്റിങ്ങ് തകർച്ചയാണ് നേരിടേണ്ടി വന്നത്. ഇന്ത്യൻ ബാറ്റസ്മാൻമാർ റൺസ് നേടാൻ വളരെയധികം ബുദ്ധിമുട്ടി. 88 റണ്‍സ് നേടിയ ജയ്സ്വാളാണ് ഇന്ത്യൻ സ്കോർ 150 കടത്തിയത്. ബംഗ്ലാദേശ് ബൗളർമാരുടെ മുന്നിൽ പിടിച്ചു നിൽക്കാൻ ഇന്ത്യക്ക് കഴിഞ്ഞില്ല. ഇന്ത്യക്ക് വേണ്ടി തിലക് വര്‍മ 38 റണ്‍സും ധ്രുവ് ജുരല്‍ 22 റൺസും നേടി. ബംഗ്ലാദേശിന് വേണ്ടി അവിഷേക് മൂന്ന് വിക്കറ്റ് നേടി.
മറുപടി ബാറ്റിങ്ങിൽ ബംഗ്ലാദേശിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ പര്‍വേസ് ഹുസൈനും തന്‍സീദും ചേര്‍ന്ന് 50 റണ്‍സ് നേടി. പര്‍വേസ് 47 റൺസ് നേടി. ആദ്യ രണ്ട് വിക്കറ്റുകൾ വീണതിന് ശേഷം തുടരെ വിക്കറ്റുകൾ നഷ്ടമായി. പിന്നീടെത്തിയ അക്ബര്‍ അലി 77 പന്തില്‍ 43 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി രവി നാല് വിക്കറ്റ് നേടി.






































