ഐഎസ്എൽ: ബെംഗളൂരു എഫ്‌സി ഇന്ന് ചെന്നെയിൻ എഫ് സിയെ നേരിടും
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ആറാം സീസണിലെ എഴുപത്തിയെട്ടാം മത്സരത്തിൽ ഇന്ന് ചെന്നെയിൻ എഫ് സി ബെംഗളൂരു എഫ്‌സി പോരാട്ടം. ചെന്നൈയുടെ ഹോം ഗ്രൗണ്ട് ആയ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7:30ന് ആണ് മൽസരം. രണ്ട് ടീമുകൾക്കും ഇന്ന് ജയം അനിവാര്യമായമാണ്. അഞ്ചാം സ്ഥാനത്തുള്ള ചെന്നൈ ഇന്ന് ജയിച്ചാൽ അവർക്ക് നാലാം സ്ഥാനത്തേക്കുള്ള ദൂരം ഒരു പോയിന്റായി കുറയും. മൂന്നാം സ്‌ഥാനത്തുള്ള ബംഗളൂരു എഫ് സി ഇന്ന് ജയിച്ച് പ്ലേ ഓഫ് ഉറപ്പിക്കാൻ ആകും ശ്രമിക്കുക . അതിനാൽ രണ്ട് ടീമുകളും ഇന്ന് ജയം തേടിയാകും ഇറങ്ങുക.
14 കളിയില്‍ 21 പോയിന്റുള്ള ചെന്നൈ ഇപ്പോൾ മികച്ച ഫോമിലാണ്. തുടർച്ചയായ നാല് ജയങ്ങളുമായി നിൽക്കുന്ന അവർ പുതിയ പരിശീലകൻറെ കീഴിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. 2020 മുതൽ അവർക്ക് നല്ല പ്രകടനം നടത്താൻ കഴിഞ്ഞു. 12 ഗോളുകളുമായി ചെന്നൈ താരം വാൽസ്കിസ് ഗോൾഡൻ ബൂട്ട് മത്സരത്തിൽ രണ്ടാം സ്‌ഥാനത്താണ്. 13 ഗോളുകൾ ഉള്ള എടികെ താരം റോയ് കൃഷ്നയാണ് ഒന്നാമത്. 15 കളികളിൽ നിന്ന് 28 പോയിന്റ് ഉള്ള ബംഗളുരു മികച്ച ഫോമിലാണ്. കഴിഞ്ഞ അഞ്ച് കളികളിൽ ഒരു കളി മാത്രമാണ് അവർ തോറ്റത്. തുടർച്ചയായ രണ്ട് വിജയങ്ങളുമായി അവരും മികച്ച ഫോമിലാണ്. ഇതിന് മുമ്പ് ആറ് തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ രണ്ട് ടീമും മൂന്ന് കളികൾ വീതം ജയിച്ചു.






































