ഐഎസ്എൽ: ഒഡീഷ ഇന്ന് ശക്തരായ എടികെയ്‌ക്കെതിരെ
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ആറാം സീസണിലെ എഴുപത്തിഏഴാം മത്സരത്തിൽ കൊൽക്കത്ത ഒഡീഷയെ നേരിടും. കൊൽക്കത്തയുടെ ഹോം ഗ്രൗണ്ടായ വിവേകാനന്ദ യുബ ഭാരതി സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7:30ന് ആണ് മൽസരം.ലീഗിൽ ഒന്നാമതെത്താൻ എടികെയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്. പ്ലേ ഓഫ് ഉറപ്പിച്ച കൊൽക്കത്ത നിലവിൽ മുപ്പത് പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. എന്നാൽ ഒഡീഷയ്ക്ക് മൂന്ന് പോയിന്റുകൾ പ്ലേഓഫ് സാധ്യത നിലനിർത്താൻ ആവശ്യമാണ്. സീസണിൽ ഇതിന് മുമ്പ് രണ്ട് ടീമുകളും ഏറ്റുമുട്ടിയപ്പോൾ സമനിലയായിരുന്നു ഫലം.
ഹോം ഗ്രൗണ്ടിൽ മികച്ച വിജയമുള്ള എടികെ ഇന്ന് വിജയം ഉറപ്പിച്ചാകും ഇറങ്ങുക. ഒരു തോൽവിക്ക് ശേഷം തുടർച്ചയായ മൂന്ന് മത്സരങ്ങൾ ജയിച്ച് മികച്ച ഫോമിൽ ആണ് കൊൽക്കത്ത. ഈ സീസണിൽ ഇതുവരെ നടന്ന 7 ഹോം മത്സരങ്ങളിൽ നിന്ന് 16 പോയിന്റാണ് എടികെ നേടിയത്. അവസാന മത്സരത്തിൽ ജംഷഡ്‌പൂരിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കൊൽക്കത്ത തോൽപ്പിച്ചത്. 15 മത്സരങ്ങൾ പൂർത്തിയായപ്പോൾ എടികെ ഇതുവരെ മൂന്ന് മത്സരങ്ങളിൽ മാത്രമാണ് തോറ്റത്.
ഒഡീഷയും മൂന്ന് പോയിന്റുകൾ നേടാൻ ഉള്ള ശ്രമത്തിലാണ്, ജയം നാലാം സ്ഥാനത്തുള്ള മുംബൈ സിറ്റി എഫ്‌സിയുമായുള്ള പോയിന്റ് വ്യത്യാസം രണ്ടായി കുറയ്ക്കും. അതിനാൽ എന്ത് വിലകൊടുത്തും ജയം നേടാൻ ആകും ഒഡീഷ ശ്രമിക്കുക. എന്നാൽ അവസാന രണ്ട് മത്സരത്തിലും തോറ്റ അവർക്ക് വിജയം നേടുക അത്ര എളുപ്പമാകില്ല. പരുക്കിനെത്തുടർന്ന് സ്‌ട്രൈക്കർ അരിഡെയ്ൻ സാന്റാനയെ ഈ സീസണിൽ ഒഴിവാക്കിയെങ്കിലും ലോൺ അടിസ്ഥാനത്തുനിൽ ഒൻവുവിനെ ക്ലബ്ബിൽ എത്തിച്ചത് അവർക്കാശ്വാസമായി. ഗോവയ്‌ക്കെതിരായ മൽസരത്തിൽ മികച്ച പ്രകടനമാണ് താരം നടത്തിയത്. നിലവിൽ 15 കളികളിൽ നിന്ന് 21 പോയിന്റുള്ള ഒഡീഷ ആറാം സ്ഥാനത്താണ്.






































