രഞ്ജി ട്രോഫി: അവസാന മൽസരത്തിലും ജയമില്ലാത്ത കേരളം
രഞ്ജി ട്രോഫിയിലെ കേരളത്തിൻറെ അവസാന മത്സരത്തിൽ മഴ വില്ലനായി എത്തിയതോടെ ഈ സീസണിൽ ഒരു ജയവുമായി കേരളം നാട്ടിലേക്ക് വണ്ടി കയറി. വിദര്‍ഭയ്ക്കെതിരായ മത്സരം മഴ മൂലം സമനിലയില്‍ അവസാനിച്ചതോടെ കേരളം 17-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. കഴിഞ്ഞ സീസണിൽ സെമിഫൈനൽ വരെ എത്തിയ കേരളമാണ് ഇത്തവണ ഒരു ജയവുമായി ഒതുങ്ങിയത്. എലൈറ്റ് ഗ്രൂപ് ‘എ’യില്‍ നിന്ന് ഗ്രൂപ്പ് സിയിലേക്ക് കേരളം കൂപ്പുകുത്തി.
ഈ സീസണിൽ ഒരു ജയവും രണ്ട് സമനിലയും ഉള്ള കേരളത്തിന് 10 പോയിന്റ് ആണ് ഉള്ളത്. എട്ട് കളികളിൽ 5 കളികളിൽ ആണ് കേരളം തോറ്റത്. ആറ് പോയിന്റുള്ള ഹൈദരാബാദ് മാത്രമാണ് കേരളത്തിന് പിന്നിലുള്ളത്. അവസാന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വിദർഭ 326 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ കേരളം 191/3 എന്ന നിലയിൽ നിൽക്കുമ്പോൾ ആണ് മഴ എത്തിയത്. ഇതോടെ മൽസരം സമനിലയിൽ അവസാനിപ്പിക്കുകയായിരുന്നു.
വിദര്‍ഭയ്ക്ക് വേണ്ടി ജാഫർ(57), ഗണേഷ്(58), അക്ഷയ് എന്നിവർ മികച്ച പ്രകടനമാണ് നടത്തിയത്. അക്ഷയ് നടത്തിയ ചെറുത്ത് നിൽപ്പാണ് വിദര്‍ഭയെ 300 കടത്തിയത്. അക്ഷയ് പുറത്താകാതെ 66 റൺസ് നേടി.കേരളത്തിൻറെ അസ്ഹറും(81), ജലജ് സക്സേനയും (30) രോഹന് പ്രേമും (19) എന്നിവരാണ് പുറത്തായത്.






































