ഏകദിന ക്രിക്കറ്റിനായി പുതിയ ക്യാപ്റ്റനെ പ്രഖ്യാപിക്കാനൊരുങ്ങി പാകിസ്ഥാൻ
ഏകദിന ക്രിക്കറ്റിനായി പാകിസ്ഥാൻ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിക്കുന്നു. ബംഗ്ലാദേശിനെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി പുതിയ നായകനെ തിരഞ്ഞെടുക്കാനാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ തീരുമാനം.
മികച്ച പ്രകടനം കാഴ്ചവക്കുന്ന യുവ താരം ബാബർ അസമായിരിക്കും പുതിയ ക്യാപ്റ്റൻ എന്നാണ് അഭ്യൂഹങ്ങൾ.
നേരത്തെ പാകിസ്ഥാന്റെ ടി20 ക്യാപ്റ്റൻസി അദ്ദേഹം ഏറ്റെടുത്തിരുന്നു.
വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സർഫറാസ് അഹമ്മദായിരുന്നു മുൻപ് എല്ലാ ഫോർമ്മാറ്റുകളിലും പാക് നായകനായിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം ശ്രീലങ്കയ്ക്കെതിരെ നടന്ന ടി20 പരമ്പരയിലെ ദയനീയ തോൽവിക്ക് പിന്നാലെ സർഫറാസിനെ ടീമിൽ നിന്ന് പുറത്താക്കുകയായിരുന്നു .ടി20 യിൽ സർഫറാസിന് പകരം ബാബർ അസമിനെ ക്യാപ്റ്റനാക്കിയ പാക് ക്രിക്കറ്റ് ബോർഡ്, ടെസ്റ്റിൽ അസർ അലിയെ നായകനായി തിരഞ്ഞെടുത്തിരുന്നു. എന്നാൽ ഏകദിനത്തിൽ സർഫറാസിനു പകരം ക്യാപ്റ്റനെ പ്രഖ്യാപിച്ചിരുന്നില്ല.
ഏപ്രിൽ മൂന്നാം തീയതിയാണ് ബംഗ്ലാദേശും പാകിസ്ഥാനും തമ്മിലുള്ള ഏകദിന പരമ്പര നടക്കുന്നത്. ഈ മത്സരം മുതലാകും പുതിയ നായകന് കീഴിൽ പാകിസ്ഥാൻ ഏകദിനത്തിനിറങ്ങുക






































