ഗോൾ കീപ്പർ മാറ്റത്തിനൊരുങ്ങി ചെൽസി
അടുത്ത സീസണിൽ ചെൽസി തങ്ങളുടെ ഗോൾകീപ്പറെ മാറ്റാൻ സാധ്യത. നിലവിലുള്ള സ്പാനിഷ് ഗോൾകീപ്പർ കേപ്പാ അരിസാബലാഗയിൽ പരിശീലകൻ ഫ്രാങ്ക് ലാംപാർഡിന് വിശ്വാസം നഷ്ടപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ സീസൺ അവസാനത്തോടെ കേപ്പയെ ഒഴിവാക്കാനാണ് സാധ്യത.
തിബോ കോർട്ട്വ റയൽ മഡ്രിഡിലേക്ക് പോയതോടെ കഴിഞ്ഞ സീസൺ തുടക്കത്തിലാണ് കേപ്പ ചെൽസിയിലെത്തിയത്. ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ ഗോളിയെന്ന പകിട്ടുമായെത്തിയ കേപ്പ മൗറീഷ്യോ സാരിക്ക് കീഴിൽ ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. ഇക്കുറി സാരി മാറി ലാംപാർഡ് എത്തിയപ്പോഴും കേപ്പയെയാണ് ആദ്യ ഗോളിയാക്കിയത്. എന്നാൽ കേപ്പയുടെ സമീപകാല പ്രകടനം നിരാശാജനകമാണ്. പ്രീമിയർ ലീഗ് സീസണിൽ ഇതുവരെ ചെൽസി 34 ഗോളുകളാണ് വഴങ്ങിയത്. ഇതിൽ പലതിലും കേപ്പയുടെ പിഴവുകൾ വ്യക്തമായിരുന്നു.
കഴിഞ്ഞ ദിവസം ലെസ്റ്ററിനെതിരെ നടന്ന നിർണായക ലീഗ് മത്സരത്തിൽ ലാംപാർഡ് കേപ്പയ്ക്ക് പകരം വില്ലി കാബല്ലെറോയെ ഗോളിയാക്കിയിരുന്നു. ഇത് കേപ്പയിലുള്ള വിശ്വാസക്കുറവ് പരസ്യമാക്കുന്നതാണ്. കേപ്പയ്ക്ക് പകരം അടുത്ത സീസണിൽ അയാക്സിന്റെ കാമറൂൺ ഗോളിയായ ആന്ദ്രെ ഒനാനയെ ടീമിലെത്തിക്കാനാണ് ചെൽസി ശ്രമിക്കുന്നത്.






































