മൂന്ന് സൂപ്പർതാരങ്ങളെ പുറത്താക്കാൻ ആഴ്സണൽ
ഈ സീസണിൽ ആഴ്സനൽ അപ്രസക്തമായിക്കഴിഞ്ഞു. കരീടപ്രതീക്ഷയൊക്കെ നേരത്തെ തന്നെ കൈവിട്ട ആഴ്സനൽ ഇപ്പോൾ ടോപ് ഫോറിൽ സീസൺ അവസാനിപ്പിക്കാനുള്ള സാധ്യതയും അവസാനിച്ചു.
ഈ സാഹചര്യത്തിൽ അടുത്ത സീസണിൽ പ്രതീക്ഷകയർപ്പിക്കുകയാണ് പരിശീലകൻ മിക്കൽ അർറ്റേറ്റ.
തകർന്നുനിൽക്കുന്ന അവസ്ഥയിലാണ് ഇക്കുറി ടീമിനെ അർറ്റേറ്റയുടെ കൈയ്യിൽ കിട്ടിയത്. ജനുവരിയിലെ ട്രാൻസ്ഫർ ജാലകത്തിൽ വലിയകച്ചവടങ്ങളൊന്നും നടത്താനുമായില്ല. ഇതോടെ ഇനി പുതിയ സീസണിൽ തന്റെ ഇഷ്ടത്തിനൊത്ത ഒരു ടീമിനെ പടുത്തുയർത്തുകയാണ് അർറ്റേറ്റയുടെ ലക്ഷ്യം.
ഇതിന്റെ ആദ്യ പടിയായി നിലവിലുള്ള ടീമിൽ നിന്ന് ഒരുപിടി താരങ്ങളെ ഒഴിവാക്കാനാണ് അർറ്റേറ്റ ആലോചിക്കുന്നത്. ബാഴ്സലോണ നോട്ടമിട്ടിരിക്കുന്ന ക്യാപ്റ്റൻ കൂടിയായ ഗാബോൺ താരം പിയറി എമ്റിക്ക് ഔബമെയാങ്, ഫ്രഞ്ച് താരം അലെസാന്ദ്രെ ലക്കാസെറ്റെ, ജർമൻ താരം മെസ്യൂട്ട് ഓസിൽ എന്നിവരാണ് അർറ്റേറ്റ ഒഴിവാക്കാൻ ശ്രമിക്കുന്ന സൂപ്പർതാരങ്ങൾ.
ഇവർക്കു പുറമെ ഇപ്പോൾ ലോണിൽ കളിക്കുന്ന ഡാനി കബ്ബെയസിനെ റയലിലേക്ക് നിരിച്ചുനൽകാനും ഡേവിഡ് ലൂയിസിനെ ഒഴിവാക്കാനും അർറ്റേറ്റയ്ക്ക് പദ്ധതിയുണ്ട്.ഇത്രയും താരങ്ങളെ ഒഴിവാക്കി അടുത്ത യൂറോ കപ്പിന് മുമ്പ് തനിക്ക് വേണ്ട ചില താരങ്ങളെ ടീമിലെത്തിക്കാനാണ് അർറ്റേറ്റയുടെ തീരുമാനം. രണ്ട് മിഡ്ഫീൽഡർമാരേയും ഒരു സെൻട്രൽ ഡിഫൻഡറേയും ടീമിലേക്ക് വേണമെന്ന് അർറ്റേറ്റ അധികൃതരെ അറിയിച്ചു.






































