ആഫ്രിക്കൻ കുട്ടികൾക്കായി ഇതിഹാസങ്ങളുടെ ടെന്നീസ് പോര്
ആഫ്രിക്കയിലെ ആറ് രാജ്യങ്ങളിലെ കുട്ടികൾക്കായി റോജർ ഫെഡററും അദ്ദേഹത്തിന്റെ മത്സര എതിരാളിയും സുഹൃത്തുമായ റാഫേൽ നദാലും ഒന്നിക്കുന്നു. മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽഗേറ്റ്സും ഡെയിലി ഷോ അവതാരകനും ദക്ഷിണാഫ്രിക്കൻ സ്റ്റാൻഡ് അപ്പ് കൊമേഡിയനും ആയ ട്രവർ നോഹയും ഇതിഹാസ താരങ്ങൾക്കൊപ്പം ടെന്നീസ് കളിച്ചുകൊണ്ട് ഈ ദൗത്യത്തിൽ പങ്കു ചേരും. റോജർ ഫെഡറർ ഫൗണ്ടേഷൻ ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ സംഘടിപ്പിക്കുന്ന ആഫ്രിക്കക്കായുള്ള ഈ മത്സരം കാണാൻ ഒഴുകിയെത്തുക ടെന്നീസ് ലോകം കണ്ടതിൽ ഏറ്റവും വലിയ ആൾക്കൂട്ടം തന്നെയാകും. അമ്പതിനായിരത്തിനു മുകളിൽ സീറ്റുകളുള്ള മൈതാനത്തിലെ ടിക്കറ്റുകൾ മുഴുവനും വെറും മിനിറ്റുകൾ കൊണ്ടായിരുന്നു വിറ്റു പോയത്.
2003 ആണ് ലോക ടെന്നീസിലെ എക്കാലത്തെയും മഹാനായ ടെന്നീസ് താരം റോജർ ഫെഡറർ തന്റെ ചാരിറ്റബിൾ സംഘടന രൂപീകരിക്കുന്നത്. അന്നുമുതൽ സാമൂഹികസേവനം തുടങ്ങിയ താരം ആഫ്രിക്കയ്ക്ക് എന്നും വലിയ പ്രാധാന്യമാണ് നൽകിയത്. ഫെഡററിന്റെ അമ്മയുടെ രാജ്യമായ ദക്ഷിണാഫ്രിക്കയുമായുള്ള മാനസിക അടുപ്പവും ഈ തീരുമാനത്തിനു പുറകിൽ ഉണ്ടായിരുന്നു. അന്നുമുതൽ തന്നെ കുട്ടികളുടെ വിദ്യാഭ്യാസപരമായ ഉന്നമനവും അതിലൂടെ അവർക്ക് ഒരു ഭാവിയും ആയിരുന്നു ഫെഡറർ ഫൗണ്ടേഷൻ ലക്ഷ്യം വെച്ചത്. ദക്ഷിണാഫ്രിക്കയിലെയും തന്റെ രാജ്യമായ സ്വിറ്റ്സർലൻഡ്ലെയും കുട്ടികൾക്ക് പുറമേ അഞ്ച് ആഫ്രിക്കൻ രാജ്യങ്ങളിലെ കുട്ടികളുടെ ഉന്നമനം കൂടി ലക്ഷ്യം വയ്ക്കുന്ന ഫെഡറർ ഫൗണ്ടേഷൻ ഈ രാജ്യങ്ങളിൽ വർഷങ്ങളായി സ്കൂളുകളടക്കം നടത്തിവരുന്നു. കഴിഞ്ഞ ആറു വർഷങ്ങളായി ധനസമാഹരണം നടത്താനായി ആഫ്രിക്കയ്ക്ക് വേണ്ടി മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട് ഫെഡറർ ഫൗണ്ടേഷൻ. എന്നാൽ ഇത് ആദ്യമായാണ് ആഫ്രിക്കൻ മണ്ണിൽ ഇത്തരമൊരു മത്സരം അരങ്ങേറുന്നത്.
കഴിഞ്ഞ വർഷം 15 കോടിയിലധികം ഇങ്ങനെ സമാഹരിക്കാനായ ഫെഡറർ ഫൗണ്ടേഷൻ അതിലും അധികമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. തന്റെ അമ്മയുടെ രാജ്യത്ത് തന്റെ എതിരാളിയും സുഹൃത്തുമായ നദാലിനെ എതിരെ കളിക്കാനിറങ്ങുന്നത് സ്വപ്നസാക്ഷാത്കാരം ആണെന്നാണ് ഫെഡറർ വിശേഷിപ്പിച്ചത്.






































