യശസ്വി ജെയ്സ്വാളിന്റെ അതിശയപ്പിക്കുന്ന ജീവിത യാത്ര ഇങ്ങനെയാണ്
ആരെയും അമ്പരപ്പിക്കുന്നതാണ് യശസ്വി ജെയ്സ്വാളിന്റെ ജീവിതം. ക്രിക്കറ്റ് താരങ്ങളെ സംബന്ധിച്ചുള്ള മുന്‍ധാരണയെ ദൃഢനിശ്ചയംകൊണ്ട് തകര്‍ത്തവനാണ് യശസ്വി. മുംബൈയിലെ തെരുവുകളില്‍ പാനി പുരിയും പഴങ്ങളും വിറ്റു നടന്ന കുട്ടിക്കാലം ജെയ്സ്വിക്കുണ്ട്.
യു.പിയിലെ ഭദോനി ഗ്രാമത്തില്‍ നിന്നും മകന്റെ ക്രിക്കറ്റ് ഭ്രാന്ത് തിരിച്ചറിഞ്ഞ് പിതാവാണ് അയാളെ മുംബൈയിലുള്ള അമ്മാവനടുത്തേക്ക് അയക്കുന്നത്. അമ്മാവനാണ് യശസ്വിയെ വര്‍ളിയിലെ മുസ്ലം യുണൈറ്റഡ് ക്ലബില്‍ ചേര്‍ക്കുന്നത്. പകല്‍ പരിശീലനവും കളിയും വൈകീട്ട് പാനിപൂരി കച്ചവടവുമായാണ് യശസ്വി അക്കാലത്ത് ജീവിച്ചത്.
രാത്രി ക്ലബിന് പുറത്തെ ഷെഡില്‍ വാച്ച്മാനൊപ്പം ഉറക്കം.
യശസ്വിയുടെ ജീവിതം മാറിമറിയുന്നത് ജ്വാല സിങ് എന്ന പരിശീലകന്റെ കണ്ണില്‍ പെടുന്നതോടെയാണ്. പൃഥ്വി ഷായുടെ പരിശീലകനായ ജ്വാല സിങിനൊപ്പമാണ് 2013ന് ശേഷം യശസ്വി ജെയ്സ്വാളിന്റെ താമസവും ക്രിക്കറ്റ് ജീവിതവും. യശസ്വി ജെയ്സ്വാളിന് സ്വന്തം വീടിന്റെ വാതിലുകള്‍ ജ്വാല സിംങ് തുറന്നു കൊടുത്തു.
മകള്‍ ജനിക്കുന്നതിന് മുമ്പ് തന്റെ ഏക മകനായിരുന്നു യശസ്വിയെന്നാണ് പരിശീലകന് വിശേഷിപ്പിക്കുന്നത്. 2017 ഡിസംബര്‍ ആറിന് പരിശീലകന് മകള്‍ പിറന്ന ദിവസം മുംബൈ അണ്ടര്‍ 19 ടീമിനുവേണ്ടി ഇരട്ട സെഞ്ചുറി നേടിയായിരുന്നു യശസ്വി ആഘോഷിച്ചത്. പരിശീലകന്റെ ജന്മദിന തീയതിയായ 23ആണ് യശസ്വിയുടെ ജേഴ്സി നമ്പര്‍.






































