ഇന്ത്യയ്‌ക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിൽ നിന്ന് കെയ്ൻ വില്യംസൺ പുറത്ത്
രോഹിത് ശർമ്മയ്ക്ക് പിന്നാലെ ന്യൂസിലൻഡ് നായകൻ കെയിൻ വില്യംസണും ഏകദിന പരമ്പരയിൽ നിന്ന് പുറത്തായി. പരിക്ക് മൂലമാണ് താരം പുറത്തായത്. തോളിന് പരിക്കുള്ള വില്ല്യംസൺ അവസാന രണ്ട് ടി20 മത്സരത്തിൽ കളിച്ചിരുന്നില്ല.വില്യംസൺ പുറത്തായത് ന്യൂസിലൻഡ് ടീമിന് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. മറ്റൊരു പരിക്കിൽ നിന്ന് ഭേദമായിട്ടാണ് താരം ഇന്ത്യക്കെതിരായ മത്സരത്തിന് എത്തിയത്. എന്നാൽ വീണ്ടും താരത്തെ പരിക്ക് പിടികൂടി. നാളെയാണ് ആദ്യ ഏകദിനം നടക്കുന്നത്.
ഫെബ്രുവരി 11 ന് നടക്കുന്ന അവസാന മത്സരത്തിനായി വില്യംസൺ മടങ്ങിവരുമെന്ന് പ്രതീക്ഷിച്ചിരിക്കെ ടോം ലതാം ഇപ്പോൾ ന്യൂസിലൻഡിനെ നയിക്കും.മാര്‍ക്ക് ചാപ്മാന്‍ ആണ് വില്യംസണിന് പകരം ടീമിൽ എത്തിയത്. ഇന്ത്യ എയ്‌ക്കെതിരായ മത്സരത്തില്‍ ചാപ്മാന്‍ രണ്ട് ശതകങ്ങൾ നേടിയിരുന്നു. ടി20 മൽസരത്തിൽ ഫീൽഡിങ്ങിനിടെയാണ് വില്യംസണിന് പരിക്ക് പറ്റിയത്. അദ്ദേഹത്തിന്റെ തോളിലെ എക്സ്-റേ ഗുരുതരമായ ഒന്നും വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ ഫെബ്രുവരി 21 ന് ആരംഭിക്കുന്ന ടെസ്റ്റിൽ മികച്ച പ്രകടനം നടത്താൻ ആണ് അദ്ദേഹത്തിന് വിശ്രമം അനുവദിച്ചിരിക്കുന്നത്.






































