ഐലീഗ്: സമനിലയിൽ കുരുങ്ങി ഗോകുലം
ഐലീഗിൽ ഇന്നലെ നടന്ന ട്രൗ എഫ്സി ഗോകുലം എഫ് സി മൽസരം സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് മൽസരം അവസാനിച്ചത്. നിരവധി അവസരങ്ങൾ ലഭിച്ച ഗോകുലം എല്ലാം പാഴാക്കി കളയുകയായിരുന്നു. ജയിക്കാവുന്ന മൽസരം, ലക്ഷ്യമില്ലാതെ കളിച്ച് സമനിലയിൽ ഒതുങ്ങുകയായിരുന്നു. ഒരു ഗോളിന് മുന്നിൽ നിന്നതിന് ശേഷമാണ് ഗോകുലം സമനില വഴങ്ങിയത്. നിലവിൽ ഗോകുലം നാലാം സ്ഥാനത്തും, ട്രാവു മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്.
മൽസരം തുടങ്ങി 22ആം മിനിറ്റിൽ ഗോകുലം ആദ്യ ഗോൾ നേടി. ആദ്യ പകുതിയിൽ തുടക്കം മുതൽ ഗോകുലം ആക്രമിച്ചാണ് കളിച്ചത്. ഹെന്‍റി ക്വിസേക്ക ആണ് ഗോകുലത്തിന് വേണ്ടി ഗോൾ നേടിയത്. മര്‍ക്കസിന്റെ മികച്ച ഒരു പാസിലൂടെയാണ് ഗോൾ പിറന്നത്. ആദ്യ ഗോളിന് ശേഷം ഉണർന്ന് കളിച്ച ട്രാവു ആദ്യ പകുതിയിൽ ഗോൾ നേടാൻ ശ്രമിച്ചെങ്കിലും ഗോകുലത്തിൻറെ ഗോളി അവിടെ രക്ഷകനായി എത്തി. പിന്നീട് രണ്ടാം പകുതിയിൽ 52ആം മിനിറ്റിൽ കൃഷ്ണാനന്ദ് സമനില ഗോൾ നേടി. പിന്നീട് വിജയ ഗോളിനായി രണ്ട് ടീമും ശ്രമിച്ചെങ്കിലും ഗോൾ നേടാൻ കഴിഞ്ഞില്ല.