ഐഎസ്എല്‍: ഇന്ന് ബെംഗളുരു ഹൈദരാബാദ് പോരാട്ടം
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ആറാം സീസണിലെ എഴുപതാം മത്സരത്തിൽ ഇന്ന് ബെംഗളുരു എഫ്‌സി ഹൈദരാബാദ് എഫ്‌സിയെ നേരിടും. ബംഗളൂരുവിൻറെ ഹോം ഗ്രൗണ്ടിൽ ഇന്ന് രാത്രി 7:30ന് ആണ് മല്‍സരം. രണ്ട് ടീമുകളുടെയും പതിനഞ്ചാം മൽസരമാണ് ഇന്ന് നടക്കുന്നത്. ഈ സീസണിൽ ഏറ്റവും മോശം പ്രകടനം നടത്തുന്ന ഹൈദരാബാദ് ഇന്ന് രണ്ടാം ജയത്തിനായി ഇറങ്ങുമ്പോൾ സ്വന്തം ഗ്രൗണ്ടിൽ വിജയം സ്വന്തമാക്കി പോയിന്റ് നിലയിൽ രണ്ടാമതെത്താൻ ആണ് ബംഗളൂരു എഫ് സി ശ്രമിക്കുക. പ്ലേ ഓഫ് സാധ്യത ഉറപ്പിച്ച ബംഗളൂരു കഴിഞ്ഞ സീസണിൽ പുറത്തെടുത്ത മികവ് ഇത്തവണ നടത്താൻ കഴിഞ്ഞിട്ടില്ല.
ഇതിന് മുമ്പ് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ മത്സരം സമനിലയിലാണ് പിരിഞ്ഞത്. സുനില്‍ ഛേത്രിനയിക്കുന്ന മുന്നേറ്റ നിരയിലാണ് ബംഗളൂരു ടീമിൻറെ ശക്തി. അവർ മികച്ച പ്രകടനം നടത്തിയാൽ ബംഗളൂരുവിന് അനായാസ ജയം സ്വന്തമാക്കാം.ബംഗളൂരു ടീമിൽ പുതുതായി ടീമിലെത്തിയ സ്പാനിഷ് വിങ്ങര്‍ നിലി പെര്‍ഡോമോ ഇന്ന് കാളിച്ചേക്കും. 14 കളികളിൽ നിന്ന് 25 പോയിന്റ് ആണ് ബംഗളുരുവിന് ഇപ്പോൾ ഉള്ളത്. ഇന്ന് ജയിച്ചാൽ അവർ എടികെയെ മറികടന്ന് രണ്ടാം സ്ഥാനത്ത് എത്തും.