ഐഎസ്എൽ: സമനില കുരുക്കിൽ മുംബൈ സിറ്റി
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ആറാം സീസണിലെ ഇന്നലെ നടന്ന മുംബൈ സിറ്റി, ഹൈദരാബാദ് എഫ് സി മത്സരം സമനിലയിൽ പിരിഞ്ഞു. പ്ലേ ഓഫ് ഉറപ്പിക്കാൻ എത്തിയ മുംബൈയെ ഹൈദരാബാദ് സമനിലയിൽ തളക്കുകയായിരുന്നു. രണ്ട് ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് മൽസരം അവസാനിച്ചത്. ഒരു ഗോളിന് മുന്നിൽ നിന്നതിന് ശേഷമാണ് മുംബൈ സമനിലയിൽ ഒതുങ്ങിയത്. ലാര്‍ബി മുംബൈക്ക് വേണ്ടി ഗോൾ നേടിയപ്പോൾ, സ്റ്റാങ്കോവിച് ആണ് ഹൈദരാബാദിന് സമനില ഗോൾ നേടിക്കൊടുത്തത്. രണ്ട് ടീമും പെനാൽറ്റിയിലൂടെയാണ് ഗോൾ നേടിയത്.
43-ാം മിനിറ്റില്‍ ആണ് മുംബൈ ആദ്യ ഗോൾ നേടിയത്. പെനാൽറ്റിയിലൂടെ നേടിയ ഗോളിൽ അവർ ലീഡ് നേടി. പിന്നീട് ഗോളിനായി ഹൈദരാബാദ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ജയം ഉറപ്പിച്ച മത്സരത്തിൽ അവസാന നിമിഷം 93ആം മിനുട്ടില്‍ഹൈദരാബാദ് പെനാൽറ്റിയിലൂടെ സമനില ഗോൾ നേടി. ഏഴ് തുടർ പരാജയങ്ങൾക്ക് ശേഷമാണ് ഹൈദരാബാദ് ഒരു പോയിന്റ് നേടുന്നത്. 20 പോയിന്റുമായി മുംബൈ ഇപ്പഴും അഞ്ചാം സ്ഥാനത്ത് തന്നെയാണ്.






































