ഐഎസ്എൽ: ഇന്ന് എടികെ എഫ് സി ഗോവയെ നേരിടും
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ആറാം സീസണിലെ അറുപത്തിരണ്ടാം മൽസരത്തിൽ ഇന്ന് എടികെ എഫ് സി ഗോവയെ നേരിടും . എടികെയുടെ ഹോം ഗ്രൗണ്ടിൽ ഇന്ന് രാത്രി 7:30ന് ആണ് മത്സരം. ശക്തരായ രണ്ട് ടീമുകൾ ആണ് ഇന്ന് ഏറ്റുമുട്ടുന്നത്. നിലവിൽ എഫ് സി ഗോവ ഒന്നാം സ്ഥാനത്താണ്. മികച്ച പ്രകടനമാണ് ഗോവ ഈ സീസണായിൽ നടത്തുന്നത്. ലീഗിൽ തുടക്കത്തിൽ പുറകോട്ട് പോയ ഗോവ പിന്നീട് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. അതിനാൽ അവർ കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ഒരു കളി മാത്രമാണ് തോറ്റത്.
12 കളികളിൽ നിന്ന് 21 പോയിന്റ് ഉള്ള എടികെ മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനോട് തോറ്റതാണ് അവർക്ക് വിനയായത്. കേരളത്തിനെതിരെ ഒരു ഗോളിനാണ് അവർ തോറ്റത്. ഒഡീഷയും, മുംബൈയും തൊട്ട് പുറകിൽ ഉള്ളതിനാൽ ഇന്ന് ജയിച്ച് പ്ലേ ഓഫ് സാധ്യത ഉറപ്പിക്കാൻ ആകും എടികെ ശ്രമിക്കുക. രണ്ട് ടീമുകളുടെയും പതിമൂന്നാം മത്സരമാണ് ഇന്ന് നടക്കുന്നത്.






































