രഞ്ജിയിൽ കേരളത്തിന് പരിക്ക് വില്ലനാകുന്നു
രഞ്ജി ട്രോഫിയിൽ കേരളത്തിന് വമ്പൻ തിരിച്ചടി. ടീമിലെ രണ്ട് താരങ്ങൾ പരിക്ക് മൂലം പുറത്തായി. റോബിൻ ഉത്തപ്പയും, ബേസിൽ തമ്പിയും ആണ് ടീമിൽ നിന്ന് പുറത്തായത്. കഴിഞ്ഞ മത്സരത്തിൽ പഞ്ചാബിനെ തോൽപ്പിച്ച് വിജയ പാതയിൽ തിരിച്ചെത്തിയ ടീമിന് പരിക്ക് വലിയ തിരിച്ചടിയാണ് നൽകിയത്. അഞ്ച് മത്സരങ്ങളിൽ മൂന്ന് കളിയിലും തോറ്റ കേരളം കഴിഞ്ഞ മൽസരത്തിൽ ആണ് വിജയിച്ചത്. കേരളത്തിൻറെ മികച്ച ബൗളിങ്ങിൽ ആണ് വിജയം കൈവരിച്ചത്.
ബേസിൽ തമ്പിക്കും, റോബിൻ ഉത്തപ്പയ്ക്കും കാൽപാദത്തിനാണ് പരിക്ക് പറ്റിയത്. പഞ്ചാബിനെതിരായ മത്സരത്തിനിടെയാണ് ഉത്തപ്പയ്ക്ക് പരിക്ക് പറ്റിയത്. ബാറ്റിങ്ങിലും, ബൗളിങ്ങിലും നിർണായക പങ്ക് വഹിക്കുന്ന രണ്ട് താരങ്ങളാണ് ടീമിൽ നിന്ന് പുറത്തായത്. സഞ്ജു സാംസണും, സന്ദീപ് വാര്യരും നേരത്തെ ന്യൂസിലൻഡ് എ ടീമിനെതിരെയുള്ള പര്യടനത്തിന് പോയിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ ടീം വലിയ പ്രതിസന്ധിയിൽ ആണ്./ കേരളത്തിൻറെ അടുത്ത മൽസരം ജനുവരി 19ന് രാജസ്ഥാനെതിരെയാണ്.






































