കേരള പ്രീമിയര്‍ ലീഗിൽ ഗോകുലത്തിന് തകർപ്പൻ ജയം
കേരള പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മൽസരത്തിൽ ഗോള്‍ഡന്‍ ത്രഡ്സിനെതിരെ നടന്ന മത്സരത്തിൽ ഗോകുലം കേരളം എഫ് സിക്ക് ആവേശകരമായ ജയം. ഏഴ് ഗോളുകൾ പിറന്ന മത്സരത്തിൽ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ഗോകുലം കേരള എഫ് സി വിജയിച്ചത്. ലീഡുകൾ മാറിമറിഞ്ഞ മത്സരത്തിൽ അവസാന ജയം ഗോകുലത്തിന് ഒപ്പമായിരുന്നു. നിംഷാദും ഇസഹാക്കും ആണ് ഗോള്‍ഡന്‍ ത്രഡ്സിന് വേണ്ടി ഗോളുകൾ നേടിയത്. നിമിഷാദ് രണ്ട് ഗോളുകൾ നേടി.
എമില്‍ ബെന്നി, താഹിര്‍ ,ഷാബാസ് അഹമ്മദ്, ഗിഫ്റ്റി എന്നിവരാണ് ഗോകുലത്തിനായി ഗോൾ നേടിയത്. ആദ്യം ഗോൾ അടിച്ച് ലീഡ് നേടിയത് ഗോകുലം ആയിരുന്നു. ആദ്യ പകുതിയിൽ ഗോകുലം രണ്ട് ഗോളുകൾ നേടിയപ്പോൾ ഗോൾഡൻ ത്രെഡ്സ് ഒരു ഗോളിന് പുറകിൽ ആയിരുന്നു. ഏന്നാൽ രണ്ടാം പകുതിയിൽ അക്രമം അഴിച്ചുവിട്ട ഗോൾഡൻ ത്രെഡ്സ് വമ്പൻ പ്രകടനത്തിലൂടെ രണ്ട് ഗോളുകൾ നേടി ഗോകുലത്തിനെതിരെ ലീഡ് നേടി. 59,62 എന്നീ മിനിറ്റുകളിലാണ് അവർ ഗോളുകൾ നേടിയത്. എന്നാൽ 70,76 മിനിറ്റുകളിൽ ഗോളുകൾ നേടി ഗോകുലം വമ്പൻ തിരിച്ചുവരവ് നടത്തി വിജയം സ്വന്തമാക്കുകയായിരുന്നു.






































