ഇന്ന് കപിൽ ദേവ് ജന്മദിനം
1983-ൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പ് ക്രിക്കറ്റ് കിരീടം ചൂടിയപ്പോൾ ടീമിന്റെ നായകനായിരുന്ന താരമാണ് കപിൽ ദേവ്. ക്രിക്കറ്റ് ലോകംകണ്ട ഏറ്റവും മികച്ച് ഓൾറൌണ്ടർമാരിലൊരാളായി വിലയിരുത്തപ്പെടുന്നു. കളിയിൽ നിന്നും വിരമിച്ച ശേഷം കുറച്ചു കാലം ഇന്ത്യയുടെ പരിശീലകനായും സേവനമനുഷ്ഠിച്ചിരുന്നു. ഇന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള ക്രിക്കറ്റ് താരങ്ങളുടെ ഗണത്തിലുള്ള കപിൽ ദേവിനെയാണ് വിസ്ഡൻ ക്രിക്കറ്റ് മാസിക നൂറ്റാണ്ടിലെ ഇന്ത്യൻ ക്രിക്കറ്റ് താരമായി തിരഞ്ഞെടുത്തത്.
1978-79ൽ ഇന്ത്യയുടെ പാകിസ്താൻ പര്യടനത്തിലൂടെയാണ് കപിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റ പരമ്പരയിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു. ഈ പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ തന്റെ ആദ്യ അർധശതകം തികച്ച കപിൽ പറത്തിയ മൂന്നു പടുകൂറ്റൻ സിക്സറുകൾ പിന്നീട് അദ്ദേഹത്തിന്റെ പ്രധാന സവിശേഷതയായ തകർപ്പനടികളുടെ തുടക്കമായിരുന്നു. ഒരു വർഷത്തിനു ശേഷം പാകിസ്താന്റെ ഇന്ത്യൻ പര്യടനവേളയിൽ പരമ്പരയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. അതേ സീസണിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയിലരങ്ങേറിയ പരമ്പരയിൽ ബാറ്റിങ്ങിലും ബൌളിങ്ങിലും ഒരുപോലെ തിളങ്ങി. ഈ പരമ്പരയിലെ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ വാലറ്റത്ത് കപിൽ നടത്തിയ ചെറുത്തു നില്പ് ബാറ്റ്സാമാനെന്ന നിലയിൽ അദ്ദേഹത്തിന്റെ വളർച്ച വിളിച്ചോതുന്നതായിരുന്നു. 1981-82ൽ ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ടു പരമ്പരകളിലും മാൻ ഓഫ് ദ് സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടു. 1983ൽ ഇന്ത്യയുടെ നായകനായി തിരഞ്ഞെടുക്കപ്പെട്ടു. ടീമിനെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ചാണ് കപിൽ തന്റെ കടമ നിർവഹിച്ചത്.
2008 സെപ്തംബറിൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ഓണററി ലഫ്റ്റനന്റ് കേണൽ ആയി കപിൽ ദേവിന് സ്ഥാനം നൽകി. പഞ്ചാബ് റജിമെണ്ടിലെ 150 ഇൻഫന്ററി ബറ്റാലിയനിലാണ് ചുമതല. യുവജനങ്ങൾക്കിടയിൽ സൈന്യത്തിന്റെ അംബാസിഡറായി അദ്ദേഹം സേവനം ചെയ്യും. സ്വന്തം ജോലി നിലനിർത്തിക്കൊണ്ട് രാജ്യരക്ഷാ സേവനം ചെയ്യാൻ പൗരന്മാർക്കുള്ള സംവിധാനമാണ് ടെറിട്ടോറിയൽ ആർമി.
അവാർഡുകൾ
1979-80 – അർജുന അവാർഡ്
1982 – പത്മശ്രീ
1983 – വിസ് ഡൻ ക്രിക്കറ്റർ ഓഫ് ദ ഇയർ
1991 – പത്മഭൂഷൺ
2002 – വിസ് ഡൻ നൂറ്റാണ്ടിലെ ഇന്ത്യൻ ക്രിക്കറ്റർ






































