ട്രെന്റ് ബോള്‍ട്ടിന് പകരം വില്‍ സോമര്‍വില്ലേ ന്യൂസിലൻഡ് ടെസ്റ്റ് ടീമിൽ
മെല്‍ബേണില്‍ ഓസ്ട്രേലിയയ്ക്കെതിരെ മൂന്നാം ദിവസം ബാറ്റിങ്ങിനിടെ പരിക്കേറ്റ ട്രെന്റ് ബോള്‍ട്ടിന് പകരം പുതിയ താരത്തെ ന്യൂസിലൻഡ് പ്രഖ്യാപിച്ചു. ഓഫ് സ്പിന്നർ വില്‍ സോമര്‍വില്ലേയാണ് ടീമിൽ ഇടം നേടിയത്. സിഡ്നി ടെസ്റ്റിൽ ആണ് വില്‍ സോമര്‍വില്ലേ ന്യൂസിലൻഡിനായി കളിക്കുക. മൂന്ന് ടെസ്റ്റ് മത്സരങ്ങൾ ഉള്ള പരമ്പരയിൽ ഓസ്‌ട്രേലിയ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളും വിജയിച്ച് പരമ്പര സ്വന്തമാക്കി.
മെല്‍ബേണ്‍ ടെസ്റ്റിനിടെ വലത് കൈയ്യിലാണ് താരത്തിന് പരിക്കേറ്റത്. കയ്യിൽ പൊട്ടൽ ഉള്ളതിനാൽ കുറഞ്ഞത് നാലാഴ്ചയെങ്കിലും താരത്തിന് വിശ്രമം ആവശ്യമാണ്. ജനുവരി മൂന്നിനാണ് മൂന്നാം ടെസ്റ്റ് നടക്കുക. പേസ് ബൗളർക്ക് പകരം ന്യൂസിലൻഡ് സ്പിന്നറെയാണ് ഇറക്കുന്നത്. ഇതിന് കാരണം സിഡ്നിയിലെ പിച്ച് സ്പിന്നർമാർക്ക് അനുകൂലമായ പിച്ചായതിനാലാണ്. വില്‍ സോമര്‍വില്ലേ കൂടി എത്തുന്നതോടെ ടീമിൽ മൂന്ന് സ്പിന്നർമാരാകും. മിച്ചല്‍ സാന്റനര്‍, ടോഡ് ആസ്ട്‍ലേ എന്നിവരാണ് നിലവിൽ ടീമിൽ ഉള്ള സ്പിന്നർമാർ.