ജയമില്ലാതെ ബ്ലാസ്റ്റേഴ്സ്: ഈ വർഷത്തെ അവസാന മത്സരവും സമനിലയിൽ
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ ആറാം സീസണിൽ ഇന്നലെ നടന്ന കേരളാബ്ലാസ്റ്റേഴ്സ് എഫ്സി നോർത്ത്ഈസ്റ്റ് യുണൈറ്റഡ് എഫ്സി മൽസരം സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. രണ്ട് ടീമും പെനാൽറ്റിയിലൂടെയാണ് ഗോൾ നേടിയത്. രണ്ട് ടീമുകൾക്കും നിരവധി അവസരങ്ങൾ ആണ് ലഭിച്ചത്. എന്നാൽ ഒന്നും ലക്ഷ്യ സ്ഥാനത്ത് എത്തിയില്ല. ഒഗ്ബെച്ചേ ആണ് കേരളത്തിന് വേണ്ടി ഗോൾ നേടിയപ്പോൾ നോർത്ത് ഈസ്റ്റിന് വേണ്ടി ഗ്യാന്‍ ആണ് ഗോൾ നേടിയത്.
ആവേശകരമായ മത്സരത്തിന്റെ ആദ്യപകുതിയിൽ പല അവസരങ്ങളും സൃഷ്ടിച്ചെടുത്ത ബ്ലാസ്റ്റേഴ്സിന് അതൊന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല. ഇരുപത്തിയൊന്നാം മിനിറ്റിൽ സെത്യസിംഗ് ഗോളിനായി ശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. ഇരുപത്തിയൊമ്പതാം മിനിറ്റിൽ നോർത്ത് ഈസ്റ്റും മുപ്പത്തിയൊന്നാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സും സെറ്റ്പീസിലൂടെ ഗോൾ നേടാനുള്ള അവസരങ്ങൾ പാഴാക്കി. ആദ്യപകുതിയിൽ നാൽപ്പത്തിമൂന്നാം മിനിറ്റിൽ ആണ് പെനാൽറ്റി ലഭിച്ചത്. അതേപോലെ അൻപത്തിയൊന്നാം മിനിറ്റിൽ സേത്യാസെന്നിന്റെ കയ്യിൽ തട്ടിയതിൽ നോർത്ത് ഈസ്റ്റിനു അനുകൂലമായി റഫറി പെനാലിറ്റി വിധിച്ചു. രണ്ടാം പകുതിയിൽ അധികം സാധ്യതകളൊന്നും ഇരു ടീമുകളും കണ്ടെത്തിയില്ല. എട്ട് പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ഒൻപതാം സ്ഥാനത്താണ്.






































