ഇന്ന് ഡേവിഡ് ഷെപ്പേർഡ് ജന്മദിനം
ക്രിക്കറ്റ് ലോകത്തെ ഏറ്റവും പ്രശസ്തരായ അമ്പയർമാരിൽ ഒരാളായിരുന്നു ഡേവിഡ് ഷെപ്പേർഡ്. 1940 ഡിസംബർ 27-ന് ഇംഗ്ലണ്ടിലെ ഡെവണിലെ ബിഡ്ഫോർഡിൽ ജനിച്ചു. 1965 മുതൽ 1979 വരെയുള്ള കാലയളവിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കൗണ്ടി ക്ലബ്ബായ ഗ്ലൗസസ്റ്റർഷെയറിനായി കളിച്ചു. 1981-ലാണ് അമ്പയറിങ് രംഗത്തേക്ക് ഇദ്ദേഹം പ്രവേശിച്ചത്.
92 ടെസ്റ്റ് മത്സരങ്ങളിലും 172 അന്താരാഷ്ട്ര ഏകദിന മത്സരങ്ങളിലും അമ്പയറായി. 2005-ൽ അമ്പയറിങിൽ നിന്ന് വിരമിച്ചു. ജമൈക്കയിലെ കിങ്സ്റ്റണിൽ നടന്ന വെസ്റ്റ് ഇൻഡീസ് – പാകിസ്താൻ ടെസ്റ്റ് മത്സരത്തിലാണ് അവസാനമായി അമ്പയറായത്. 1996, 1999, 2003 വർഷങ്ങളിൽ തുടർച്ചയായി മൂന്ന് ലോകകപ്പ് ഫൈനൽ മത്സരങ്ങളിൽ അമ്പയറായി. 2009 ഒക്ടോബർ 27-ന് ശ്വാസകോശാർബുദത്തേത്തുടർന്ന് അന്തരിച്ചു






































