ഇന്ത്യൻ ടെന്നീസ് താരം ലിയാണ്ടര്‍ പേസ് വിരമിക്കല്‍ പ്രഖ്യാപിച്ചു
എക്കാലത്തെയും ഏറ്റവും മികച്ച ഇന്ത്യൻ ടെന്നീസ് താരങ്ങളിലൊരാളായ ലിയാണ്ടർ പേസ് വിരമിക്കല്‍ പ്രഖ്യാപിച്ചു. 2020ല്‍ കരിയറിനോട് വിടപറയുമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. ക്രിസ്തുമസ് ആശംസകൾ അറിയിച്ചുകൊണ്ടുള്ള ട്വീറ്റിൽ കൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തൻറെ 29 വര്‍ഷത്തെ കാരിയാറിനാണ് 2020 ഓടെ അവസാനമാകുന്നത്. ഇന്ത്യക്ക് വേണ്ടി നിരവധി നേട്ടങ്ങൾ വാരിക്കൂട്ടിയ താരമാണ് പേസ്.”2020ല്‍ തിരഞ്ഞെടുത്ത കുറച്ച് മത്സരങ്ങളില്‍ മാത്രമേ കളിക്കുകയുള്ളൂ. ടീമിനൊപ്പം യാത്ര ചെയ്യും. ലോകത്തെ എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കുമൊപ്പം 2020 ആഘോഷിക്കും”.എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇത്രയും നാൾ കൂടെ നിന്ന എല്ലാവര്ക്കും അദ്ദേഹം നന്ദിയും അറിയിച്ചു.
എട്ട് തവണ ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാമും 10 തവണ മിക്സഡ് ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാം കിരീടവും അദ്ദേഹം നേടിയിട്ടുണ്ട്. 1996–1997 വർഷത്തിൽ ഇന്ത്യയിലെ ഏറ്റവും ഉന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരത്തിന് ഇദ്ദേഹം അർഹനായി. 2001 -ൽ പത്മശ്രീ പുരസ്കാരവും ലഭിച്ചു. ഡേവിസ് കപ്പിൽ ഇന്ത്യക്കായി പലതവണ അവിസ്മരണീയ പ്രകടനങ്ങൾ ഇദ്ദേഹം കാഴ്ചവച്ചിട്ടുണ്ട്. 1996 അറ്റ്ലാന്റ ഒളിമ്പിക്സിൽ ടെന്നിസ് സിംഗിൾസിൽ ഇന്ത്യക്കായി വെങ്കലം നേടിയതാണ് ഇദ്ദേഹത്തിന്റെ മറ്റൊരു പ്രധാന നേട്ടം. ചെക്ക് താരം റാഡെക് സ്റ്റെപ്പനെക്കിനൊപ്പം 2013 ലെ യു. എസ് . ഓപ്പൺ ഡബിൾസ് വിജയത്തോടെ 40 വയസ്സിനു ശേഷം ഗ്രാൻഡ് സ്ലാം നേടുന്ന ആദ്യ കളിക്കാരൻ എന്ന നേട്ടവും പേസിനു സ്വന്തമാക്കി.






































