കേരള പ്രീമിയര്‍ ലീഗ്: ലുക്കാ സോക്കര്‍ ക്ലബിനെ ഗോൾ മഴയിൽ മുക്കി ബ്ലാസ്റ്റേഴ്സ്
കേരള പ്രീമിയര്‍ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ ജയം. ഇന്നലെ പനമ്ബിള്ളി ഗ്രൗണ്ടില്‍ നടന്ന മൽസരത്തിൽ ലുക്കാ സോക്കര്‍ ക്ലബിനെ മൂന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചത്.എട്ട് ഗോളുകൾ പിറന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് തകർപ്പൻ പ്രകടനമാണ് നടത്തിയത്. ബാസിത്, ആസിഫ്, ഖാര്‍പാന്‍, ബൊറിങാഡോ ബോഡോ എന്നിവരാണ് ഗോളുകൾ നേടിയത്. ബൊറിങാഡോ രണ്ട് ഗോളുകൾ നേടി.
കേരള പ്രീമിയർ ലീഗിൽ ആദ്യ മത്സരത്തിൽ ഗോകുലത്തിനോട് തോറ്റ ബ്ലാസ്റ്റേഴ് ഈ സീസണിൽ അവരുടെ ആദ്യ ജയം ആണ് ഇന്നലെ നേടിയത്. ബ്ലാസ്റ്റേഴ്സിന്റെ ആധിപത്യം ആണ് ഇന്നലെ കാണാൻ കഴിഞ്ഞത്. ഹനവാസ്, അക്മല്‍, അര്ജുന് എന്നിവര്‍ ലൂക്കാസ് സോക്കറിന് വേണ്ടി ഗോളുകൾ നേടി. തുടക്കം മുതൽ ആക്രമിച്ച് കളിച്ച ബ്ലാസ്റ്റേഴ്സ് പതിനാറാം മിനിറ്റിൽ ആദ്യ ഗോൾ നേടി. ബാസിത് ആണ് ഗോൾ വേട്ടയ്ക്ക് തുടക്കം കുറിച്ചത്. പിന്നീട് 21,53,71,92 എന്നീ മിനിറ്റുകളിലാണ് ബ്ലാസ്റ്റേഴ് ഗോൾ നീങ്ങിയത്. 67,75,95 എന്നീ മിനിറ്റുകളിൽ ലുക്കാ സോക്കര്‍ ക്ലബും ഗോളുകൾ നേടി.






































