കറാച്ചി ടെസ്റ്റ്: രണ്ടാം ഇന്നിങ്ങ്സിൽ പാകിസ്ഥാന് മികച്ച തുടക്കം
ശ്രീലങ്ക പാകിസ്ഥാൻ രണ്ടാം ടെസ്റ്റ് മത്സരത്തിൽ രണ്ടാം ഇന്നിങ്ങ്സ് ആരംഭിച്ച പാകിസ്ഥാന് മികച്ച തുടക്കം. 80 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ ശ്രീലങ്കയ്ക്കെതിരെ മികച്ച തുടക്കമാണ് പാകിസ്ഥാന് ലഭിച്ചത്. രണ്ടാം ദിവസം കളി അവസാനിച്ചപ്പോൾ പാകിസ്ഥാൻ 57/0 എന്ന നിലയിലാണ്. ആബിദ് അലിയും(32) ഷാന്‍ മക്സൂദും(21) ആണ് ക്രീസിൽ. ഓപ്പണർമാരുടെ മികച്ച ബാറ്റിങ്ങിൽ പാകിസ്ഥാൻ ശ്രീലങ്കയുടെ ലീഡിനേക്കാൾ 23 റണ്‍സ് പിന്നിലാണ്. ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്ങ്സ് 271 റൺസിൽ അവസാനിച്ചിരുന്നു.
64ന് മൂന്ന് എന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ്ങ് ആരംഭിച്ച ശ്രീലങ്കയ്ക്ക് രണ്ട് വിക്കറ്റുകൾ കൂടി പെട്ടെന്ന് നഷ്ടമായി. പിന്നീട് ദിനേശ് ചണ്ഡിമൽ(74),ധനഞ്ജയ്(32) എന്നിവർ നടത്തിയ പ്രകടനമാണ് ശ്രീലങ്കയെ കരകയറ്റിയത്. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 67 റൺസാണ് നേടിയത്.നിരോഷന്‍ ഡിക്ക്വെല്ല 21 റണ്‍സും, പെരേര 48 റൺസും നേടി. ഇവരുടെ ബാറ്റിങ്ങ് മികവിലാണ് ശ്രീലങ്ക 80 റൺസിന്റെ ലീഡ് നേടിയത്. പാകിസ്ഥാന് വേണ്ടി ഷഹീൻ അഫ്രീദി അഞ്ച് വിക്കറ്റ് നേടി.






































