കിംഗ്സ് ഇലവന്‍ പഞ്ചാബിൻറെ പുതിയ നായകനായി കെ എൽ രാഹുലിനെ നിയമിച്ചു
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2020 ലെ കിംഗ്‌സ് ഇലവൻ പഞ്ചാബ് ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനായി ഇന്ത്യൻ ഓപ്പണർ കെ എൽ രാഹുലിനെ വ്യാഴാഴ്ച തിരഞ്ഞെടുത്തു. ഐപിഎൽ താര ലേലത്തിനിടയിലാണ് താരത്തെ നായകനായി പ്രഖ്യാപിച്ചത്. മുൻ നായകൻ ആർ അശ്വിനെ കഴിഞ്ഞ മാസം പഞ്ചാബ് ഡെല്‍ഹി കാപിറ്റല്‍സുമായി ട്രേഡ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നായകനായി രാഹുൽ എത്തിയത്, 2018 സീസണിന് മുന്നോടിയായി പഞ്ചാബ് 11 കോടി രൂപയ്ക്കാണ് രാഹുലിനെ വാങ്ങിയത്.
വരാനിരിക്കുന്ന സീസണിലേക്ക് രാഹുലിനെ ക്യാപ്റ്റനായി നിയമിച്ചതിൽ സന്തോഷമുണ്ടെന്ന് പഞ്ചാബ് സഹ ഉടമ നെസ് വാഡിയ പറഞ്ഞു. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമാണ് രാഹുൽ നടത്തിയത്. ഈ സീസണിൽ പഞ്ചാബ് ഗ്ലെന്‍ മാക്സ്‌വെല്ലിനെ 10.75 കോടിക്ക് സ്വന്തമാക്കി. ഏറ്റവും കൂടുതൽ വിലക്ക് സ്വന്തമാക്കിയ താരമാണിത്. ഷെൽഡൻ കോട്രെൽ (8.5 കോടി രൂപ), രവി ബിഷ്നോയ് (രണ്ട് കോടി രൂപ), പ്രഭ്മിമ്രൻ സിംഗ് (55 ലക്ഷം രൂപ), ദീപക് ഹൂഡ (50 ലക്ഷം രൂപ), ജെയിംസ് നീഷാം (50 ലക്ഷം രൂപ), ഇഷാൻ പോറൽ (20 ലക്ഷം രൂപ), ക്രിസ് ജോർദാൻ (75 ലക്ഷം രൂപ), താജീന്ദർ ദില്ലൺ (20 ലക്ഷം രൂപ) എന്നിവരെയാണ് ഈ ലേലത്തിൽ പഞ്ചാബ് സ്വന്തമാക്കിയത്.






































