കറാച്ചി ടെസ്റ്റിൽ അടിതെറ്റി ശ്രീലങ്ക
ശ്രീലങ്ക പാകിസ്ഥാൻ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ആദ്യ ദിനം ബൗളർമാർക്ക് ആധിപത്യം. ഇന്നലെ ഒന്നാം ദിവസം കളി അവസാനിച്ചപ്പോൾ 13 വിക്കറ്റുകളാണ് നഷ്ടമായത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനെ 191 റൺസിന് ശ്രീലങ്ക പുറത്താക്കി. മറുപടി ബാറ്റിങ്ങിൽ ശ്രീലങ്കയ്ക്ക് മൂന്നു വിക്കറ്റ് നഷ്ടമായി. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ശ്രീലങ്ക 64ന് മൂന്ന് എന്ന നിലയിലാണ്. 8 റൺസുമായി എയ്ഞ്ചലോ മാത്യൂസും, മൂന്ന് റൺസുമായി ലസിതുമാണ് ക്രീസിൽ.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാകിസ്ഥാൻ തുടക്കം തന്നെ പിഴച്ചു. ആദ്യ മൂന്ന് വിക്കറ്റുകൾ 65 റൺസിനിടെ നഷ്ടമായി. പിന്നീട് ബാബർ അസം ആസാദ് എന്നിവരുടെ ബാറ്റിങ് മികവിൽ ആണ് പാകിസ്ഥാൻ 150 റൺസ് മറികടന്നത്. ഇവർക്ക് രണ്ടു പേർക്കും മാത്രമാണു പാകിസ്ഥാൻ നിരയിൽ തിളങ്ങാൻ കഴിഞ്ഞത്. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 62 റൺസ് ആണ് നേടിയത്. 24 റണ്‍സ് നേടുന്നതിനിടെയാണ് പാകിസ്ഥാന് 6 വിക്കറ്റ് നഷ്ടമായത്. ശ്രീലങ്കയ്ക്ക് വേണ്ടി ലസിതും, ലാഹിരും നാല് വിക്കറ്റ് വീതം നേടി.






































