പാകിസ്ഥാൻ ശ്രീലങ്ക രണ്ടാം ടെസ്റ്റ് മൽസരം ഇന്ന് ആരംഭിക്കും
പത്ത് വർഷങ്ങൾക്ക് ശേഷം പാകിസ്ഥാനിൽ നടക്കുന്ന ടെസ്റ്റ്പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ന് തുടക്കമാകും. ഇന്ന് ഇന്ത്യൻ സമയം 10:30ന് ആണ് മൽസരം നടക്കുന്നത്. കറാച്ചി നാഷണൽ സ്റ്റേഡിയത്തിലാണ് മൽസരം നടക്കുക. രണ്ടാം മത്സരം രണ്ട് ടീമുകൾക്കും നിർണായകമാണ്. ആദ്യ മത്സരം മഴമൂലം സമനിലയിൽ അവസാനിക്കുകയായിരുന്നു. മൽസരത്തിൽ ആദ്യ ദിവസവും, അവസാന ദിവസവും മാത്രമാണ് കളിക്കാൻ സാധിച്ചത്.
ആദ്യ ടെസ്റ്റിൽ മൂന്ന് സെഞ്ചുറികൾ ആണ് പിറന്നത്. വിരസമായ ടെസ്റ്റിൽ അവസാന ദിവസം ശ്രീലങ്കൻ താരം ധനന്‍ജയ ഡിസില്‍വയും, പാകിസ്ഥാൻ താരങ്ങളായ ആബിദ് അലിയും, ബാബര്‍ അസാമും സെഞ്ചുറി നേടിയത് മാത്രമാണ് എടുത്ത് പറയാൻ ഉള്ളത്. സ്വന്തം മണ്ണിൽ ടെസ്റ്റ് പരമ്പര നടക്കുന്നതിൻറെ ആവേശത്തിലായിരുന്ന പാകിസ്ഥാൻ ആരാധകർക്ക് മഴ ആണ് വില്ലനായി എത്തിയത്. രണ്ടാം മൽസരം ആണ് ആരാധകർ കാത്തിരിക്കുന്നത്. 2009 ൽ ടെസ്റ്റിനായി പാകിസ്ഥാൻ സന്ദർശിച്ച അവസാന ടീമായിരുന്നു ശ്രീലങ്ക. കഴിഞ്ഞ 10 വർഷമായി യുണൈറ്റഡ് അറബ് എമിറേറ്റിലെ നിഷ്പക്ഷ വേദികളിൽ പാകിസ്ഥാൻ അവരുടെ ഹോം ടെസ്റ്റുകൾ കളിക്കുകയായിരുന്നു.






































