ഐഎസ്എൽ: ഇന്ന് ബംഗളൂരു എഫ്സി മുംബൈ എഫ് സിയെ നേരിടും
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ ആറാം സീസണിലെ മുപ്പത്തിയൊൻപതാം മത്സരത്തിൽ ബംഗളൂരു എഫ്സി മുംബൈ എഫ് സിയെ നേരിടും. ഇന്ന് ബംഗളൂരുവിൻറെ ഹോം ഗ്രൗണ്ടിൽ രാത്രി 7:30ന് ആണ് മത്സരം ആരംഭിക്കുക. ഈ സീസണിൽ ഇതുവരെ തോൽവി അറിയാതെ മുന്നേറുന്ന ബംഗളൂരു ഒരു ജയം മാത്രമുള്ള മുംബൈ എഫ് സിയെ ആണ് നേരിടുന്നത്. രണ്ട് ടീമുകളുടെയും എട്ടാം മത്സരമാണ് ഇന്ന് നടക്കുന്നത്. ഇന്ന് ജയിക്കാനായാൽ ബംഗളൂരു എഫ് സിക്ക് പോയിന്റ് നിലയിൽ ഒന്നാമതെത്താൻ കഴിയും.
ഈ സീസണിൽ വളരെ മോശം പ്രകടനമാണ് മുംബൈ നടത്തുന്നത്. ഒരു മത്സരം മാത്രം ജയിച്ച അവർക്ക് നാല് സമനിലയും, രണ്ട് തോൽവിയും ആണ് ഉള്ളത്. ഏഴ് കളികളിൽ നിന്ന് ഏഴ് പോയിന്റുള്ള അവർ എട്ടാം സ്ഥാനത്താണ്. ഇന്ന് ജയിക്കാനായാൽ അവർക്ക് അഞ്ചാം സ്ഥാനത്ത് എത്താൻ കഴിയും. തോൽവി അറിയാതെ മികച്ച പ്രകടനം നടത്തുന്ന ബാംഗളൂർ നിലവിൽ മൂന്നാം സ്ഥാനത്താണ്. അവരുടെ ഗോളി ഗുർപ്രീത് സിംഗ് സന്ധു നടത്തുന്ന കിടിലൻ പ്രകടനത്തിലാണ് ടീമിന് തോൽവി കുറഞ്ഞ് നിൽക്കുന്നത്.ഈ സീസണിൽ ഏറ്റവും കൂടുതൽ സേവുകൾ ചെയ്ത താരമാണ് അദ്ദേഹം. നാല് തവണ രണ്ട് ടീമുകൾ ഏറ്റുമുട്ടിയപ്പോൾ ബംഗളൂരു രണ്ട് തവണ ജയിച്ചപ്പോൾ ഒരു തവണ മാത്രമാണ് മുംബൈ ജയിച്ചത്.






































