ഐഎസ്‌എല്‍: ചെന്നൈയിൻ എഫ് സി ഒഡീഷ മത്സരം സമനിലയിൽ അവസാനിച്ചു
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ ഇന്നലെ നടന്ന ചെന്നൈയിൻ എഫ് സി, ഒഡീഷ എഫ് സി പോരാട്ടം സമനിലയിൽ അവസാനിച്ചു. ചെന്നൈയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ രണ്ട് ഗോൾ വീതം നേടി. രണ്ട് ടീമുകളും മികച്ച പ്രകടനമാണ് നടത്തിയതെങ്കിലും അൽപ്പം മുൻതൂക്കം ഒഡീഷയ്ക്കായിരുന്നു. ഗോൾ രഹിത ആദ്യ പകുതിക്ക് ശേഷം നാല് ഗോളുകളും പിറന്നത് രണ്ടാം പകുതിയിൽ ആയിരുന്നു. നെരിജസ് വാല്‍സ്കിസ് ആണ് ചെന്നൈയിൻ എഫ് സിക്ക് വേണ്ടി രണ്ട് ഗോളും നേടിയത്. സമനില നേടിയതോടെ അഞ്ച് പോയിന്റുമായി ചെന്നൈയിൻ എഫ് സി ഏട്ടൻ സ്ഥാനത്ത് എത്തി. ആറ് പോയിന്റ് ഉള്ള ഒഡീഷ ആറാം സ്ഥാനത്താണ് ഉള്ളത്.
ആദ്യ പകുതിയിൽ ഇരു ടീമുകളും ഗോളുകൾ നേടിയില്ല. നല്ല മുന്നേറ്റങ്ങൾ രണ്ട് ടീമിൽ നിന്ന് ഉണ്ടായെങ്കിലും ഗോൾ നേടാൻ അവർക്ക് കഴിഞ്ഞില്ല. പിന്നീട് രണ്ടാം പകുതിയിൽ ആദ്യ ഗോൾ നേടിയത് ചെന്നൈയിൻ എഫ് സിയാണ്. അമ്പത്തിയൊന്നാം മിനിറ്റിൽ നെരിജസ് ആദ്യ ഗോൾ നേടി ചെന്നൈയെ മുന്നിൽ എത്തിച്ചു. എന്നാൽ മൂന്ന് മിനിറ്റുകൾക് ശേഷം ഒഡീഷ മറുപടി ഗോൾ നേടി. സിസ്കോ ആണ് ഒഡീഷയെ സമനിലയിൽ എത്തിച്ചത്. രണ്ടാം, ഗോളിനായി പിന്നീട് ഇരു ടീമുകളും ശ്രമിച്ചു. 72ാം മിനിറ്റില്‍ വീണ്ടും വാൾസ്‌കി ചെന്നൈയ്ക്ക് വേണ്ടി ലീഡ് നേടി. ഇത്തവണ ഹെഡറിലൂടെയാണ് ഗോൾ നേടിയത്. എന്നാൽ ഈ ഗോളിന്റെ ആയുസും കുറച്ചുനേരം മാത്രമാണ് നിന്നത്. മത്സരം അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ 82 ആം മിനിറ്റിൽ അറിഡെയ്ന്‍ സാന്റാനയിലൂടെ ഒഡീഷ സമനില ഗോൾ നേടി. സീസണിന്റെ തുടക്കത്തിൽ താളം കണ്ടെത്താൻ സാധിക്കാതിരുന്ന ഒഡീഷ മികച്ച പ്രകടനമാണ് നടത്തുന്നത്. കഴിഞ്ഞ മൂന്ന് കളികളിൽ അവർ പരാജയം അറിഞ്ഞിട്ടില്ല.






































