ഐഎസ്‌എല്‍: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മുംബൈ സിറ്റി എഫ് സി മൽസരം സമനിലയിൽ അവസാനിച്ചു
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാമത്തെ സീസണിലെ ഇരുപത്തിഅഞ്ചാം മത്സരത്തിൽ ഇന്നലെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മുംബൈ സിറ്റി എഫ് സിയെ സമനിലയിൽ തളച്ചു. ഇരു ടീമുകളും രണ്ട് ഗോളുകൾ നേടിയ മത്സരം സമനിലയിൽ അവസാനിക്കുകയായിരിന്നു. ഈ സീസണിൽ പരാജയമറിയാത്ത നോർത്ത് ഈസ്റ്റ് 9 പോയിന്റുമായി നാലാം സ്ഥാനത്തെത്തി. അഞ്ച് കളികളിൽ രണ്ട് ജയവും, മൂന്ന് സമനിലയുമാണ് ഉള്ളത്. മുംബൈ അഞ്ച് പോയിന്റുമായി ഏഴാം സ്ഥാനത്തുമാണ് ഉള്ളത്.
മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ നാല് ഗോളുകളും പിറന്നു. ഗോളിന് തുടക്കമിട്ടത് നോർത്ത് ഈസ്റ്റ് ആയിരുന്നു. മത്സരത്തിൻറെ ഒൻപതാം മിനിറ്റിൽ ട്രിയാഡിസിലൂടെ നോര്‍ത്ത് ഈസ്റ്റ് ലീഡ് നേടി. എന്നാൽ അധികം താമസിക്കാതെ ഇരുപത്തിരണ്ടാം മിനിറ്റിൽ മുംബൈ താരം ചെര്‍മിറ്റിയിലൂടെ മുംബൈ സമനില ഗോൾ നേടി. പത്ത് മിനിറ്റിനുള്ളിൽ മുംബൈ രണ്ടാം ഗോൾ നേടി ലീഡ് ഉയർത്തി. മുംബൈ താരം ചെര്‍മിറ്റിയാണ് രണ്ടാം ഗോൾ നേടിയത്. ബൈസിക്കിള്‍ കിക്കിലൂടെയാണ് രണ്ടാം ഗോൾ ചെർമിറ്റി നേടിയത്. ഈ ലീഡ് അധിക നേരം നിന്നില്ല നാല്പത്തിരണ്ടാം മിനിറ്റിൽ അസമാവോ ഗ്യാന്‍ നോർത്ത് ഈസ്റ്റിന് വേണ്ടി സമനില ഗോൾ നേടി. സംഭവ ബഹുലമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതി ഗോൾ രഹിതമായിരുന്നു. പ്രതിരോധ നിരയുടെ പിഴവില്‍ ആണ് നാല് ഗോളിൽ മൂന്നും പിറന്നത്.






































