ഐഎസ്‌എല്‍ : ആദ്യ ജയത്തിനായി ചെന്നൈയിൻ എഫ് സി ഇന്ന് ഹൈദരാബാദ് എഫ് സിയെ നേരിടും
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാമത്തെ സീസണിലെ ഇരുപത്തിമൂന്നാം മത്സരത്തിൽ ഇന്ന് ചെന്നൈയിൻ എഫ് സി ഹൈദരാബാദ് എഫ് സിയെ നേരിടും.ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7:30ന് ആണ് മൽസരം. ഇരു ടീമുകളും തമ്മിലുള്ള ആദ്യ മത്സരമാണ് ഇന്ന് നടക്കുന്നത്. ഇരു ടീമുകൾക്കും കഴിഞ്ഞ മത്സരത്തിൽ തോൽവി ആയിരുന്നു. നിലവിൽ ഹീറോ ഐഎസ്‌എൽ 2019-20 സ്റ്റാൻഡിംഗിൽ അവസാന രണ്ട് സ്ഥാനങ്ങളിൽ ആണ് ഈ രണ്ട് ടീമും. വിജയം ഇന്ന് രണ്ട് ടീമിനും ആവശ്യമാണ്.
ജോൺ ഗ്രിഗറിയുടെ താരങ്ങൾക്ക് ഇതുവരെ നിരാശാജനകമായ ഒരു സീസൺ ആണ്,ഈ സീസണിൽ ഇതുവരെ ഒരു മത്സരം പോലും ചെന്നൈയിൻ എഫ് സിക്ക് ജയിക്കാൻ കഴിഞ്ഞിട്ടില്ല. നാല് കളികളിൽ ഒരു സമനില ഉള്ളതല്ലാതെ ബാക്കി മൂന്ന് കളികളിലും തോൽവിയാണ്. പരിചയസമ്പന്നരായ ചില പ്രതിരോധ താരങ്ങൾ ഉണ്ടായിട്ടും ചെന്നൈയിൻ പ്രതിരോധ ഡിപ്പാർട്ട്മെന്റിൽ കാര്യമായ മാറ്റം ഒന്നും ഇല്ല, ഇതിനകം നാല് മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകൾ അവർ വഴങ്ങി. ഒരു പോയിന്റ് മാത്രമുള്ള ചെന്നൈയിൻ എഫ് സി ലീഗിൽ പത്താം സ്ഥാനത്താണ്.
ഹൈദരാബാദിൻറെ കാര്യത്തിലും കാര്യങ്ങൾ ഇതുപോലെ തന്നെയാണ്. ഒരു ജയം മാത്രമാണ് അവർ നേടിയിട്ടുള്ളത്. ബാക്കി മൂന്ന് കളികളും തോൽവിയാണ് ഫലം.മൊത്തം എട്ട് ഗോളുകൾ വഴങ്ങിയ ഹൈദരാബാദ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ മാത്രമാണ് തോൽപ്പിച്ചത്. ഡിഫെൻഡർ റാഫേൽ ലോപ്പസ് ഗോമസ്, അറ്റാക്കിംഗ് മിഡ്ഫീൽഡർ ഗൈൽസ് ബാർൺസ്, ബ്രസീലിയൻ സ്‌ട്രൈക്കർ ബോബോ എന്നിവരെല്ലാം ചെന്നൈയിനെതിരെ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവർ ഫോമിലായാൽ ടീമിന് രണ്ടാം ജയം നേടാനാകും.മൂന്ന് പോയിന്റ് മാത്രമുള്ള ഹൈദരാബാദ് ലീഗിൽ ഒൻപതാം സ്ഥാനത്താണ്.
സാധ്യമായ ലൈനപ്പുകൾ:
ചെന്നൈയിൻ എഫ്‌സി: വിശാൽ കൈത്ത്, ലൂസിയൻ ഗോയൻ, എലി സാബിയ, ജെറി ലാൽറിൻസുവാല, ടോണ്ടൊൻബ സിംഗ്, ധൻപാൽ ഗണേഷ്, അനിരുദ്ധ് ഥാപ്പ, ഡ്രാഗോസ് ഫിർട്ടുലെസ്കു, ലാലിയാൻസുവാല ചാങ്‌ടെ, റാഫേൽ ക്രിവെല്ലാരോ, നെറിജസ് വാൽസ്കിസ്
ഹൈദരാബാദ് എഫ്‌സി: കമൽജിത് സിംഗ്, മാത്യു കിൽഗലോൺ, റാഫേൽ ലോപ്പസ് ഗോമസ്, ഗുർതേജ് സിംഗ്, മുഹമ്മദ് യാസിർ, നിഖിൽ പൂജാരി, മാർക്കോ സ്റ്റാൻകോവിച്ച്, അഭിഷേക് ഹാൽഡർ, ഗൈൽസ് ബാർനെസ്, മാർസെലോ പെരേര, റോബിൻ സിംഗ്






































