ഇന്ത്യ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് പരമ്പര: ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും
വെസ്റ്റ്ഇൻഡീസിൻറെ ഇന്ത്യൻ പര്യടനത്തിന് ഡിസംബർ ആറിന് തുടക്കമാകും.മൂന്ന് ടി20 മത്സരങ്ങളും, മൂന്ന് ഏകദിന മത്സരങ്ങളുമാണ് പര്യടനത്തിൽ ഉള്ളത്. പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടുമെന്നാണ് റിപ്പോർട്ട്. ബംഗ്ലാദേശിനെതിരെയുള്ള ടി20 മത്സരത്തിലും സാംസൺ ടീമിൽ ഉണ്ടായിരുന്നെങ്കിലും കളിച്ചിരുന്നില്ല. ടി20 പരമ്പരയിലെ രണ്ടാം മത്സരം തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ ആണ് നടക്കുന്നത്. ഡിസംബർ എട്ടിനാണ് രണ്ടാം ടി20 മത്സരം.
പരമ്പരയിൽ രോഹിത് ശർമയുണ്ടാകില്ലെന്നാണ് റിപ്പോർട്. താരത്തിന് വിശ്രമം അനുവദിച്ചെന്നാണ് റിപ്പോർട്ടുകൾ. മായങ്ക് അഗര്‍വാളോ, കെ എല്‍ രാഹുലോ ഏകദിന ടീമിൽ ഇടം നേടാൻ ആണ് സാധ്യത. ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ ഫോമിലല്ലാത്തതിനാൽ താരത്തെ മത്സരത്തിൽ ഉൾപ്പെടുത്താൻ സാധ്യത കുറവാണ്. കൂടാതെ ബംഗ്ലാദേശിനെതിരെയുള്ള ടി20 ടീമിൽ മോശം പ്രകടനം നടത്തിയ പന്തിനേയും ടീമിൽ ഉൾപ്പെടുത്താൻ സാധ്യത ഇല്ല. അതിനാൽ സഞ്ജുവിന് അവസരം ലഭിക്കാൻ ആണ് സാധ്യത. ഡിസംബർ ആറ് മുതൽ 22 വരെയാണ് മത്സരങ്ങൾ നടക്കുന്നത്. പൊള്ളാർഡ് നായകനായി എത്തിയതിന് ശേഷം വിൻഡീസ് അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന മത്സരം ജയിച്ചിരുന്നു. അഞ്ച് വർഷങ്ങൾക്ക് ശേഷം അവർ ഒരു പരമ്പര ജയിക്കുകയും ചെയ്തു. എന്നാൽ ടി20 മത്സരങ്ങളിൽ ഈ ജയം തുടരാൻ ആയില്ല. 2-1ന് അഫ്ഗാൻ ടി20 പരമ്പര സ്വന്തമാക്കിയിരുന്നു.






































