Editorial Others Top News Uncategorised

ക്യൂ ഗെയിമുകളുടെ ഭൂമിശാസ്ത്രം

November 17, 2019

author:

ക്യൂ ഗെയിമുകളുടെ ഭൂമിശാസ്ത്രം

സമ്പന്നരുടെ കളി എന്നു പേരെടുത്ത ഒരുപിടി കായികയിനങ്ങളുണ്ട്. ഗോൾഫ്, ബില്യാർഡ്‌സ്, ഹോഴ്സ് പോളോ മുതലായ കളികൾ ഈ ഗണത്തിൽ പെടുന്നവയാണ്. ക്രിക്കറ്റിനെപോലെ തന്നെ ബ്രിട്ടീഷുകാർ ഇന്ത്യയിൽ വിത്തിട്ടു മുളപ്പിച്ച ഈ ഗെയിമുകൾക്ക് നമുക്കിടയിൽ അധികം ജനപ്രീതി നേടാൻ കഴിയാതിരുന്നതും ഈ ലേബൽ ഉള്ളതുകൊണ്ടാകാം.

മുകളിൽ പ്രതിപാദിച്ചവയിൽ “Cue Sports” എന്ന വിഭാഗത്തിൽ പെടുന്നവയാണ് ബില്യാർഡ്‌സ്, സ്‌നൂക്കർ മുതലായവ. Cue sports ഇനങ്ങൾ അനവധി ഉണ്ടെങ്കിലും പ്രചാരമേറെ ലഭിച്ചത് ബില്യാർഡ്‌സ്, സ്‌നൂക്കർ, പൂൾ എന്നീ മൂന്നു ഇനങ്ങൾക്കാണ്.

എ. ഡി. പതിനഞ്ചാം നൂറ്റാണ്ടിലാണ് ഇൻഡോർ ബില്യാർഡ്‌സ് എന്ന വിനോദം പിറവിയെടുത്തതെന്നു കരുതപ്പെടുന്നത്. മഴക്കാലത്തും കളിക്കാനാകുമെന്നതിനാലും കഠിനമായ ശാരീരികാധ്വാനം ആവശ്യമില്ലെന്നതിനാലും പ്രഭുക്കന്മാർക്കിടയിൽ പെട്ടന്നു തന്നെ സ്വാധീനമുറപ്പിക്കാൻ ഈ വിനോദത്തിനു സാധിച്ചു. ഷേക്‌സ്‌പിയർ കൃതികളിലുള്ള ബില്യാർഡ്‌സിന്റെ സാനിധ്യം ഈ കളിയുടെ കാലപ്പഴക്കത്തിന്റെ തെളിവായി കണക്കാക്കുന്നു. ആദ്യകാലം മുതൽക്കേ സമ്പന്നതയുടെ പ്രതീകമായാണ് ലോകം ബില്യാർഡ്‌സിനെ കണ്ടിരുന്നത്. ആനക്കൊമ്പായിരുന്നു അക്കാലത്തു ബില്യാർഡ്‌സ് കളിക്കാനുള്ള പന്തുകളുണ്ടാക്കാനായുപയോഗിച്ചിരുന്നത് എന്നറിയുമ്പോൾതന്നെ എന്തുകൊണ്ടാണ് സാധാരണക്കാരൻ ഈ കളി കളിക്കാതിരുന്നതെന്നതിന് മറ്റൊരു കാരണം തിരയേണ്ടിവരില്ല. കാലാനുസൃതമായി ഒട്ടേറെ മാറ്റങ്ങൾക്കു വിധേയമായ ഈ കളി രണ്ടാം ലോക മഹായുദ്ധത്തിനുശേഷം കൂടുതൽ പ്രസിദ്ധിയാർജ്ജിച്ചു. 2006 മുതൽ ഏഷ്യൻ ഗെയിംസിൽ ക്യൂ സ്പോർട്സ് ഉൾപെടുത്തപ്പെട്ടു.

ഒറ്റനോട്ടത്തിൽ ഒരുപോലെ തോന്നുമെങ്കിലും പ്രകടമായ വ്യത്യാസം ഈ മൂന്നു കളികളും തമ്മിലുണ്ട്. കളിക്കുന്ന പ്രതലത്തിൽ തുടങ്ങി പോയ്ന്റ്സ് കണക്കാക്കുന്നതിൽ വരെ ഈ വ്യത്യാസം തുടരുന്നു. ഈ മൂന്നു സഹോദരങ്ങളെയും പറ്റി നമുക്കൊന്ന് വിശദമായി പഠിക്കാം.

* ബില്യാർഡ്‌സ് :

മൂന്നു പന്തുകളാണ് പ്രധാനമായി ഈ കളിയിൽ ഉപയോഗിക്കുന്നത്. 52.5mm വ്യാസമുള്ള വെള്ള, മഞ്ഞ, ചുവപ്പു നിറങ്ങളിലുള്ള പന്തുകളാണിവ. ഇവയിൽ രണ്ടെണ്ണം കളിക്കാരുടെ Cue balls ആയി ഉപയോഗിക്കുന്ന്നു. എതിരാളിയുടെ ക്യൂ ബോൾ ആണ് കളിക്കാരന്റെ ഒബ്ജക്റ്റ് ബോൾ. ഈ പന്തുകൾ ഉപയോഗിച്ച് പ്രത്യേക തരത്തിലുള്ള മുൻനിശ്ചയിക്കപ്പെട്ട പോയിന്റ് സെറ്റുകൾ നേടുകയാണ് വിജയലക്ഷ്യം. ബില്യാർഡ്‌സിൽ ഉപയോഗിക്കുന്ന ക്യൂവിന്റെ അഗ്രത്തിന് 8 മുതൽ 10 ഇഞ്ച് വരെയാണ് വ്യാസമുണ്ടാകുക. യഥാർത്ഥ ബില്യാർഡ്‌സ് ടേബിൾ 11 അടി 8 ഇഞ്ച് നീളവും 5 അടി 10 ഇഞ്ച് വീതിയും ഉള്ളതാണ്. ചില ക്ലബുകളിലും മറ്റും ചെറിയ അളവിലുള്ള ടേബിളുകളും ഉപയോഗിച്ചു വരുന്നുണ്ട്.

*സ്‌നൂക്കർ :

ബില്യാർഡ്‌സിനോട് ചില സാമ്യങ്ങളുള്ള മറ്റൊരു ക്യൂ സ്പോർട്സ് ഇനമാണ് സ്‌നൂക്കർ. ഈ ഗെയിം ആദ്യമായി കളിച്ചത് ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടീഷ് ആർമി ഉദ്യോഗസ്ഥർ ആണെന്ന് പറയപ്പെടുന്നു. ഉപയോഗിക്കുന്ന പന്തുകളുടെയും ടേബിളിന്റെയും ക്യൂവിന്റെയും വലിപ്പം ബില്യാർഡ്‌സിന് സമാനമാണെങ്കിലും പന്തുകളുടെ എണ്ണത്തിലും പോയ്ന്റ്സ് കണക്കാക്കുന്ന രീതിയിലും വ്യത്യാസമുണ്ട് സ്‌നൂക്കറിൽ. 22 പന്തുകളാണ് സ്‌നൂക്കർ ഗെയിമിൽ ഉപയോഗിക്കുന്നത്. ഒരു വെള്ള ബോൾ (ക്യൂ ബോൾ ), 15 ചുവന്ന പന്തുകൾ, മഞ്ഞ, പച്ച, ബ്രൗൺ, നീല, പിങ്ക്, കറുപ്പ് നിറങ്ങളിലുള്ള ഓരോന്ന് വീതം എന്ന്നിങ്ങനെയാണവ. ചുവപ്പ് മുതൽ കറുപ്പ് വരെയുള്ള പന്തുകൾക്ക് യഥാക്രമം 1 മുതൽ 7 വരെയുള്ള പോയിന്റുകൾ നിശ്ചയിച്ചിരിക്കുന്നു. കളിക്കാരൻ ആദ്യം ഒരു റെഡ് ബോളും പിന്നീട് ഏതെങ്കിലുമൊരു കളർ ബോളും തുടർച്ചയായി പോക്കറ്റ് ചെയ്യണം (കാരംസിൽ റെഡ് ആൻഡ് ഫോളോ പോക്കറ്റ് ചെയ്യുന്നത് പോലെ ). വിജയകരമായി പോക്കറ്റ് ചെയ്യുന്ന ബോളിന്റെ പോയിന്റ് കളിക്കാരന് ലഭിക്കുകയും പോക്കറ്റിൽ വീണ കളർ ബോൾ മാത്രം ടേബിളിലേക്ക് തിരികെയെത്തുകയും ചെയ്യുന്നു. ഇങ്ങനെ എല്ലാ റെഡ് ബോളും പോക്കറ്റിൽ വീഴുന്നതുവരെ കളി തുടരുകയും കൂടുതൽ പോയ്ന്റ്സ് നേടുന്നയാൾ സെറ്റ് വിജയിക്കുകയും ചെയ്യുന്നു.

*പൂൾ :

ആൻഡ്രോയ്ഡ് യുഗത്തിൽ ഏറ്റവുമധികം പ്രചാരം ലഭിച്ച ഒരു കളിയാണ് പൂൾ. 8ബോൾ പൂൾ എന്നത് പ്ലെയ്സ്റ്റോറിൽ ഏറ്റവും കൂടുതൽ ഡൌൺലോഡ് ചെയ്യപ്പെട്ട ഗെയിമുകളിൽ ഒന്നാണ്. ഈ മൂന്നു ക്യൂ ഗെയിമുകളിൽ ഏറ്റവും ലളിതവും ഇതു തന്നെ.

ഏതാണ്ട് 5×10 അടി വലുപ്പമുള്ള ആറു പോക്കറ്റുകളുള്ള ടേബിളിൽ ആണ് പൂൾ കളിക്കുന്നത്. പൂൾ ടേബിളിന്റെ പോക്കറ്റുകൾ മറ്റുള്ള ക്യൂ ഗെയിമുകളുടെതിനേക്കാൾ വലിപ്പമേറിയവയാണ്. പന്തുകളാകട്ടെ 57 mm വരെ വ്യാസമുള്ളവയും. ക്യൂവിനാകട്ടെ 12 മുതൽ 13 mm വരെ വ്യാസമാണുണ്ടാകുക. വെള്ള നിറത്തിലുള്ള ക്യൂ ബോളിനു പുറമെ പതിനഞ്ചു പന്തുകൾ കൂടി ഈ കളിയിൽ ഉപയോഗിക്കുന്നുണ്ട്. ഇവയിൽ പകുതി സോളിഡ് നിറങ്ങളും ബാക്കി പകുതി സ്‌ട്രൈപ്‌സ് നിറങ്ങളും ഉള്ളവയാണ്. ആദ്യം വീഴ്‌ത്തുന്ന തരത്തിലുള്ള എല്ലാ പന്തുകളും അവസാനമായി 8th ബാളും പോക്കറ്റ് ചെയ്യുന്നയാൾ ഗെയിമിലെ വിജയിയായി പ്രഖ്യാപിക്കപ്പെടുന്നു (like black and white games in carrom). പോയ്ന്റ്സ് കോമ്പിനേഷൻസ് അനുസരിച്ചു 8 ബോൾ, 9 ബോൾ എന്നിങ്ങനെ വിവിധ പൂൾ ഗെയിമുകൾ പ്രചാരത്തിലുണ്ട്. ഇതിൽ 9 ബോൾ പൂൾ ആണ് പ്രൊഫഷണൽ ടൂർണമെന്റുകളിൽ കളിക്കുന്നത്.

കളിക്കുന്ന ദേശത്തിനെയും ആൾക്കാരെയും പ്രതലത്തെയും അടിസ്ഥാനമാക്കി അൻപതിലധികം വിഭാഗങ്ങൾ ക്യൂ ഗെയിംസിലുണ്ട്. ഉദാഹരണത്തിന് ബില്യാർഡ്‌സിൽ തന്നെ ഫ്രഞ്ച്, അമേരിക്കൻ, ഇംഗ്ലീഷ് എന്നിങ്ങനെ വിവിധ ഇനങ്ങൾ നിലവിലുണ്ട്. World Professional Billiards And Snooker association (WPBSA) ആണ് ഈ ക്യൂ ഗെയിംസ് ഇനങ്ങളെ നിയന്ത്രിച്ചു വരുന്നത്.

അമേരിക്കക്കാരായ Earl Strickland, Rudolph Vanderone, Michael Phalen, തുർക്കിയുടെ Semih Sayginer, പതിനാറു തവണ സ്‌നൂക്കർ ലോകകപ്പ് നേടിയ ബ്രിട്ടന്റെ Joe Davis, പൂൾ മാന്ത്രികൻ എന്നറിയപ്പെടുന്ന ഫിലിപ്പൈൻസുകാരനായ “Efrin Rayes” മുതലായവരാണ് ലോക ക്യൂ ഗെയിം രംഗത്തെ മഹാരഥന്മാർ.
സാധാരണക്കാർക്കിടയിൽ അധികം പ്രചാരമില്ലെങ്കിലും ഇന്ത്യ ഈ ഗെയിമുകളിൽ വ്യക്തമായ ആധിപത്യം കാട്ടിവരുന്നുണ്ട്. സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ ലോകകപ്പ് ജേതാവായ വിൽസൺ ജോൺസ്‌, മൂന്നു തവണ ലോക ബില്യാർഡ്‌സ് കിരീടം നേടിയ ഗീത് സേഥി, ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയിട്ടുള്ള പങ്കജ് അദ്വാനി മുതലായവർ ക്യൂ സ്പോർട്സിലെ ഇന്ത്യൻ ഹീറോകളാണ്. പങ്കജ് അദ്വാനി മാത്രമാണ് സ്‌നൂക്കർ, ബില്യാർഡ്‌സ് ഇനങ്ങളിലെ പ്രധാന വിഭാഗങ്ങളിലെയെല്ലാം ലോകകിരീടങ്ങൾ ഒരേവർഷം സ്വന്തമാക്കിയ ലോകത്തിലെ ഏക താരം. ലോക ബില്യാർഡ്‌സ്, സ്‌നൂക്കർ കിരീടങ്ങൾ നേടിയ ചിത്ര മഹിമരാജ്, അനുജ താക്കൂർ മുതലായ താരങ്ങൾ ക്യൂ ഗെയിമുകളിലെ ഇന്ത്യൻ വനിതാ സാന്നിധ്യമാണ്.

നാലു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള ക്യൂ ഗെയിമുകളുടെ ചരിത്രത്തിൽ മാറ്റമില്ലാതെ തുടരുന്നത് ഒന്നു മാത്രമേയുള്ളൂ, ടേബിളിൽ ഉപയോഗിക്കുന്ന കാർപെറ്റ് !. കമ്പിളി ഉപയോഗിച്ചു തന്നെയാണ് അന്നും ഇന്നും ആ പ്രതലം നിർമിക്കുന്നത്. ചരിത്രത്തിലാദ്യമായി സ്പോർട്സിൽ ഒരു ലോകചാമ്പ്യൻഷിപ് നടന്നതും ക്യൂ ഗെയിമായ ബില്യാർഡ്‌സിൽ തന്നെ, 1873ൽ.

മഹാനായ വില്യം ഷേക്‌സ്‌പിയറിന്റെ വിശ്വവിഖ്യാതമായ “ആന്റണി ആൻഡ് ക്‌ളിയോപാട്ര” എന്ന നാടകത്തിലെ പ്രശസ്തമായ വരികളാണ് “Lets do billiards!”, അപ്പൊ എങ്ങനാ കളിക്കുവല്ലേ?.

Leave a comment