ലയണല്‍ മെസ്സിക്ക് ഹാട്രിക്ക്: ലാലിഗയിൽ ബാഴ്സലോണക്ക് വമ്പൻ ജയം
ലാലിഗയിൽ ഇന്ന് നടന്ന ബാഴ്സലോണ സെല്‍റ്റാ വീഗോ മത്സരത്തിൽ ബാഴ്സലോണക്ക് വമ്പൻ ജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അവർ വിജയിച്ചത്. മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ബാഴ്‌സലോണ അനായാസം ജയിക്കുകയായിരുന്നു. ഒരു പെനാൽറ്റി അടക്കം മൂന്ന് ഗോളുകൾ ആണ് മെസ്സി ഇന്ന് നേടിയത്. ഏകപക്ഷീയമായ മത്സരമാണ് ഇന്ന് കാണാൻ കഴിഞ്ഞത്. കളിയുടെ മുസ്‍ഹുവാണ് സമയവും ബാഴ്‌സലോണയ്ക്കായിരുന്നു ആധിപത്യം.
ഒന്നാം പകുതിയിൽ മൂന്ന് ഗോളുകൾ പിറന്ന മത്സരത്തിൽ മെസ്സിയുടെ ബാഴ്‌സലോണയാണ് ആദ്യ ഗോൾ നേടിയത്. എന്നാൽ നാൽപ്പത്തിരണ്ടാം മിനിറ്റിൽ ഒലാസയിലൂടെ സെല്‍റ്റ വിഗോ സമനില ഗോൾ കണ്ടെത്തി. ആദ്യ പകുതിയിലെ എക്സ്ട്രാ ടൈമിൽ ഫ്രീ കിക്കിലൂടെ മെസ്സി വീണ്ടും ബാഴ്‌സലോണയെ മുന്നിൽ എത്തിച്ചു.
രണ്ടാം പകുതി ആരംഭിച്ച് മിനിട്ടുകൾക്കകം മെസ്സി വീണ്ടും ഒരു ഫ്രീകിക്കിലൂടെ മൂന്നാം ഗോൾ നേടി ബാഴ്‌സലോണയുടെ ലീഡ് വീണ്ടും ഉയർത്തി. ബുസ്കെറ്റസ് ആണ് ബാഴ്‌സലോണയ്ക്ക് വേണ്ടി നാലാം ഗോൾ നേടിയത്.എമ്പത്തിയഞ്ചാം മിനിറ്റിലായിരുന്നു നാലാം ഗോൾ. ജയത്തോടെ ബാഴ്‌സലോണ ലാലിഗയിൽ ഒന്നാമതെത്തി. 12 മത്സരങ്ങളില്‍ നിന്നും 25 പോയിന്റ് ആണ് ബാഴ്‌സലോണയ്ക്കുള്ളത്






































