പുതിയ സീസണിലെ ഐ പി എല്‍ മത്സരങ്ങള്‍ക്ക് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം വേദിയാകും
അടുത്ത വർഷം മുതൽ ഐ.പി.എല്‍ മത്സരങ്ങള്‍ക്ക് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം വേദിയാകും. പുതിയ മൂന്ന് സ്റ്റേഡിയങ്ങൾ ആണ് അടുത്തവർഷം മുതൽ വേദിയാകുന്നത്. ലക്നൗവും, ഗുവാഹത്തിയും, കാര്യവട്ടവുമാണ് പുതിയ സ്റ്റേഡിയങ്ങൾ. അടുത്ത വർഷം നടക്കുന്ന ഐപിഎൽ മത്സരങ്ങളിൽ നിരവധി മാറ്റങ്ങളാണ് ബിസിസിഐ കൊണ്ടുവരുന്നത്. മത്സരത്തിൽ പുതിയ നിയമങ്ങളും അടുത്ത വര്ഷം മുതൽ ഉണ്ടാകും.
ഇന്ന് മുംബൈയില്‍ നടന്ന ടീം ഉടമകളുടെ യോഗത്തിലാണ് പുതിയ മൂന്ന് സ്റ്റേഡിയങ്ങൾ കൂടി ഉൾപ്പെടുത്താൻ തീരുമാനമായത്. ലക്നൗ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ രണ്ടാം ഹോം ഗ്രൗണ്ട് ആകുമ്പോൾ, രാജസ്ഥാന്‍ റോയല്‍സിന്റെ ഹോം മത്സരങ്ങളാകും ഗുവാഹത്തിയിൽ നടക്കുക. തിരുവനന്തപുരത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സിൻറെ മത്സരങ്ങളാകും നടക്കുക. ഐപിഎല്ലിൽ കേരളത്തിന് ഒരു ടീം ഇല്ലെങ്കിലും മത്സരങ്ങൾ തിരുവനന്തപുരത്ത് നടക്കുന്നത് ക്രിക്കറ്റ് പ്രേമികൾക്ക് ആവേശം നൽകുന്ന ഒന്നാണ്.






































