ഐ.എസ്.എല്‍: സീസണിലെ മൂന്നാം ജയം സ്വന്തമാക്കി എ ടി കെ
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ ആറാം സീസണിൽ ഇന്നലെ നടന്ന എ.ടി.കെ ജംഷേദ്പുർ മത്സരത്തിൽ എ ടി കെ യ്ക്ക് തകർപ്പൻ ജയം. ഇന്നലെ കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് എ.ടി.കെ ജംഷേദ്പുരിനെ പരാജയപ്പെടുത്തിയത്. ജയത്തോടെ നാല് കളികളിൽ നിന്ന് 9 പോയിന്റുമായി എ.ടി.കെ ഒന്നാമതെത്തി.രണ്ട് പെനാൽറ്റിയുടെ ബലത്തിലാണ് എ ടി കെ വിജയം നേടിയത്. മൽസരത്തിൽ എ ടി കെയേക്കാൾ മികച്ച പ്രകടനം നടത്തിയത് ജംഷഡ്പൂർ എഫ്സി ആയിരുന്നു.
ഗോൾ രഹിത ആദ്യ പകുതിക്ക് ശേഷം ആദ്യ ഗോൾ നേടിയത് എ ടി കെ ആയിരുന്നു. എ ടി കെയുടെ ആദ്യ രണ്ട് ഗോളുകളും പെനാൽറ്റിയിലൂടെയായിരുന്നു. രണ്ട് ഗോളുകളും നേടിയത് റോയ് കൃഷ്ണ ആയിരുന്നു. 57,71 എന്നീ മിനിറ്റുകളിലായിരുന്നു എ ടി കെ ഗോളുകൾ നേടിയത്. എന്നാൽ കളിയുടെ അവസാന നിമിഷം ജംഷഡ്പൂരിനും പെനാൽറ്റി ലഭിച്ചു. 89ആം മിനുട്ടില്‍ സെര്‍ജിയോ കാസ്റ്റില്‍ ആണ് അവർക്ക് വേണ്ടി ഗോളുകൾ നേടിയത്.പിന്നീട് ഒരു ഗോളുകൂടി നേടാൻ ജംഷഡ്പൂർ ശ്രമിച്ചെങ്കിലും ഇഞ്ചുറി ടൈമിലെ നാലാം മിനിറ്റിൽ ഗാര്‍സിയ എ ടി കെയ്ക്ക് വേണ്ടി മൂന്നാം ഗോൾ നേടി.






































