Cricket Editorial legends

വെരി വെരി സ്പെഷ്യൽ ജന്മദിനാശംസകൾ

November 1, 2019

author:

വെരി വെരി സ്പെഷ്യൽ ജന്മദിനാശംസകൾ

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മനോഹരമായ ഇന്നിംഗ്സ് ഏതാണ്?…

സംശയമന്യേ പറയാം അതൊരു ഹൈെദരാബാദുകാരൻ ഡോക്ടറുടെ നിശ്ചയദാർഢ്യത്തിൽ നിന്നും ചിതറിത്തെറിച്ച 281 തീപ്പൊരികളാണ്. ലോകം കീഴടക്കി ഇന്ത്യയിലെത്തിയ കങ്കാരുപ്പടയ്ക്കെതിരെ ഇന്ത്യയുടെ മാനം കാത്ത 281 റണ്ണുകൾ. ക്രിക്കറ്റ്‌ ചരിത്രത്തിൽ ഒരു കാലഘട്ടത്തിലും മാറ്റി നിർത്താൻ സാധിക്കാത്ത ഇന്ത്യയുടെ സ്വന്തം വെരി വെരി സ്പെഷ്യൽ ലക്ഷ്മണിന്റെ ബാറ്റിൽ നിന്നും പിറന്ന മനോഹരമായ ഇന്നിംഗ്‌സ്.

തന്റെ നാട്ടുകാരനായ മുൻ ഇന്ത്യൻ നായകൻ മുഹമ്മദ്‌ അസ്ഹറുദ്ദീന്റെ ബാറ്റിങ്ങിൽ വശീകരിക്കപ്പെട്ട ഒരു ഹൈദരാബാദുകാരൻ വൈദ്യശാസ്ത്ര വിദ്യാർത്ഥി തന്റെ ലക്ഷ്യം ഇന്ത്യൻ ക്രിക്കറ്റ്‌ ടീമാണെന്നു പറഞ്ഞപ്പോൾ കുടുംബം അതിനെ അംഗീകരിച്ചിരുന്നില്ല. പക്ഷേ അവൻ തീരുമാനിച്ചിരുന്നു. വർഷമെത്ര കഴിഞ്ഞാലും തന്റെ ലക്ഷ്യം ഒരുനാൾ പൂർത്തീകരിക്കപ്പെടുമെന്ന അവനുറപ്പായിരുന്നു. 1992ൽ ഹൈദരാബാദ് രഞ്ജി ടീമിൽ പ്രവേശനം നേടിയ ലക്ഷ്മൺ തന്റെ യാത്ര തുടങ്ങി.

മുഹമ്മദ്‌ അസ്ഹറുദീനിലൂടെ നാം ദർശിച്ച കൈക്കുഴ കൊണ്ടുള്ള മനോഹര ഷോട്ടുകൾ. അതായിരുന്നു ലക്ഷ്മണിന്റെയും മുഖമുദ്ര. വിക്കെറ്റിനിടയിലെ ഓട്ടത്തിൽ അത്രയും മികച്ചവനല്ലതിരുന്നതിനാലാകാം ലിമിറ്റഡ് ഓവറിൽ അത്ര പ്രാഗൽഭ്യം തെളിയിക്കാൻ ലക്ഷ്മണ് സാധിച്ചിരുന്നില്ല. പക്ഷേ ക്രീസിൽ സമയം ചെലവഴിച്ചു കൂറ്റൻ സ്‌കോറുകൾ നേടാനുള്ള കഴിവ് അയാളെ വേറിട്ടുനിർത്തി.

1996ൽ ടെസ്റ്റ്‌ അരങ്ങേറ്റം കുറിച്ചെങ്കിലും ആദ്യ അഞ്ചു വർഷക്കാലം ലക്ഷ്മനു പരീക്ഷണങ്ങളുടേതായിരുന്നു. പല പൊസിഷനുകളിൽ മാറി മാറി ഇറങ്ങിയ അയാൾ ആദ്യം കഴിവുതെളിയിച്ചത് ലോവർ മിഡിൽ ഓർഡറിലായിരുന്നു. കൊൽക്കൊത്ത ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ ഇന്ത്യ ഫോളോ ഓൺ വഴങ്ങിയെങ്കിലും വാലറ്റത്തെ കൂട്ടുപിടിച്ചു ലക്ഷ്മൺ നടത്തിയ പോരാട്ടം ശ്രദ്ധേയമായി. അതായിരുന്നു വഴിത്തിരിവ്. പിന്നെ നടന്നതെല്ലാം ചരിത്രമായിരുന്നു. അപരാജിതരായി കുതിച്ച കങ്കാരുപ്പടയെ ഒരു ദിവസത്തിലേറെ വിക്കറ്റിനായി കാത്തുനിർത്തിയ ഇന്നിംഗ്സ്. മറ്റൊരു പോരാളിയായ രാഹുൽ ദ്രാവിഡിനൊപ്പം ചേർന്നു ഓസീസിൽ നിന്നും പിടിച്ചുവാങ്ങിയ വിജയം. എങ്ങനെ മറക്കാനാകും, ക്രിക്കറ്റ് സിരകളിലൂടെ ഒഴുകുന്ന കാലത്തോളം?.

എണ്പത്തിയാറു ഏകദിനങ്ങളിൽ നിന്നും ആറു സെഞ്ചുറിയും പത്തു അർധശതകങ്ങളും ലക്ഷ്മൺ നേടിയിട്ടുണ്ട്. പക്ഷേ അയാൾ എന്നും ഒരു ടെസ്റ്റ്‌ ബാറ്റ്സ്മാൻ ആയാണ് വിലയിരുത്തപെട്ടത്. നൂറിലധികം ടെസ്റ്റുകൾ കളിച്ച നീണ്ട കരിയറിൽ ഒരു ലോകകപ്പ് മത്സരം പോലും കളിക്കാൻ അയാൾക്കു സാധിക്കാതിരുന്നതും ഈ വിശേഷണം കൊണ്ടാകാം. എങ്കിലും കിട്ടിയ അവസരങ്ങളിലെല്ലാം അയാൾ മികവു തെളിയിച്ചു. പ്രത്യേകിച്ചും ക്രിക്കറ്റ്‌ ലോകം മുഴുവൻ ഭയത്തോടെ കണ്ടിരുന്ന ഓസീസ് നിരയ്‌ക്കെതിരെ.

ക്രീസിനും പുറത്തും എന്നും ഒരു പോരാളിയായിരുന്നു അയാൾ. വിടവാങ്ങൽ മത്സരം വേണ്ടെന്നു വെച്ചുകൊണ്ട് വിരമിക്കൽ പ്രഖ്യാപിക്കുമ്പോഴും അയാൾ തന്റെ ശിരസ്സ ഉയർത്തി തന്നെ വെച്ചു. പലപ്പോഴും പരാജയത്തിലേക്കു കൂപ്പുകുത്തിയിരുന്ന ടീമിനെ ഒറ്റയ്ക്കു കൈപിടിച്ചുയർത്തുമ്പോൾ നാം ദർശിച്ച അതേ ഗർവോടെ.

ഇന്ത്യയുടെ വെരി വെരി സ്പെഷ്യൽ ബാറ്റസ്മാന് ഒരായിരം ജന്മദിനാശംസകൾ.

Leave a comment