മൂന്നാം വനിത ടി20യിലും പാകിസ്ഥാൻ ജയം: പരമ്പര തൂത്തുവാരി പാകിസ്ഥാൻ
ബംഗ്ലാദേശ് വനിതകളുടെ പാകിസ്ഥാൻ പര്യടനത്തിലെ മൂന്നാം ടി20 മത്സരത്തിലും പാകിസ്ഥാന് ജയം. ഇന്നലെ നടന്ന മത്സരത്തിൽ പാകിസ്ഥാൻ 28 റൺസിനാണ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ നിശ്‌ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 117 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് 20 ഓവറിൽ 89 റൺസ് നേടാനെ കഴിഞ്ഞൊള്ളു. മൂന്നാം മത്സരവും ജയിച്ചതോടെ പാകിസ്ഥാൻ ടി20 പരമ്പര തൂത്തുവാരി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്ഥാന് ആദ്യ രണ്ട് വിക്കറ്റുകൾ പെട്ടെന്ന് തന്നെ നഷ്ടമായി. എന്നാൽ ജാവേരിയ ഖാനും(54),ഒമൈമ സൊഹൈലും(31) മികച്ച ബാറ്റിംഗ് കാഴ്ചവെച്ചതോടെ പാകിസ്ഥാൻ 100ന് മുകളിൽ റൺസ് നേടി. ബംഗ്ലാദേശിന് വേണ്ടി ജഹനാര ആലം മൂന്ന് വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് ബാറ്റിങ് തകർച്ചയാണ് നേരിടേണ്ടി വന്നത്. പാകിസ്ഥാൻ ബൗളർമാരുടെ ബൗളിങ്ങിന് മുന്നിൽ അവർ കൂപ്പുകുത്തി. 30 റൺസ് നേടിയ നിഗർ സുൽത്താന ആണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറർ. പാകിസ്ഥാന് വേണ്ടി ആനം ആമിനും,സാബ നാസിറും രണ്ട് വിക്കറ്റ് വീതം നേടി.






































