Editorial Foot Ball Top News

  അവലോകനം – മാഞ്ചസ്റ്റർ യുണൈറ്റഡ് vs ലിവർപൂൾ

October 19, 2019

author:

  അവലോകനം – മാഞ്ചസ്റ്റർ യുണൈറ്റഡ് vs ലിവർപൂൾ

അന്താരാഷ്ട്ര ഇടവേളകൾ കഴിഞ്ഞ പ്രീമിയർലീഗ് ഈയാഴ്ച സജീവമാകുമ്പോൾ എല്ലാ കണ്ണുകളും ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് നടക്കാൻ പോകുന്ന മഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂൾ പോരാട്ടത്തിലേക്ക് നീളുകയാണ്. പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ ചിര വൈരികൾ ഏറ്റുമുട്ടുമ്പോൾ അത് പ്രീമിയർ ലീഗിലെ ഏറ്റവും വീറും വാശിയും നിറഞ്ഞ ഫിക്സ്ചർ ആയി വിലയിരുത്തുന്നു ലോകത്തെ പല കളി വിദഗ്ധരും. The biggest fixture in English football. സർ അലക്സ് ഫെർഗൂസൺ റാഫേൽ ബെനിറ്റസ് പോരാട്ടത്തിൽ നിന്ന് എന്ന യുർഗൻ ക്ലോപ്പ് ഒലെ ഗുണ്ണർ സോൾസ്ജർ പോരാട്ടത്തിലേക്ക് നീണ്ട നിൽക്കുമ്പോൾ ലിവർപൂളിന്റെ പ്രതാപത്തിന് മുന്നിൽ യുണൈറ്റഡിന് പഴയ പ്രൗഢി അവകാശപ്പെടാനില്ല. യാഥാർത്ഥ്യബോധത്തോടെ ചിന്തിക്കുന്ന ഏതൊരു ആൾക്കും ലിവർപൂളിനെ അനായാസ വിജയം തിരിച്ചറിയാവുന്നതാണ്. എന്നാൽ ചിലപ്പോഴൊക്കെ ഫുട്ബോൾ എന്നത് യാഥാർത്ഥ്യത്തിനും അപ്പുറമാണല്ലോ.
 ലിവർപൂളിന് കാര്യമായ പ്രശ്നങ്ങളൊന്നുമില്ല. മോ സാലയുടെ പരിക്ക് അത്ര സാരമുള്ളതല്ല. അതിനാൽ തന്നെ സല കളിക്കളത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ആദ്യ ആഴ്ചയിൽ നേരിട്ട് പരിക്കിൽ നിന്ന് മുക്തനായി ആലിസൺ ബെക്കർ കളത്തിൽ ഇറങ്ങും. ആലിസന്റെ ദീർഘനാളത്തെ കളിക്കളത്തിൽ നിന്നുള്ള വിട്ടുനിൽക്കൽ ആണ് യുണൈറ്റഡിന് ഈ മത്സരത്തിൽ എന്തെങ്കിലും പ്രതീക്ഷക്ക് വകയുള്ളത്. സെൻറർ ഡിഫൻസിൽ വാൻ ഡൈക്കിന് കൂട്ടായി ജോയൽ മാറ്റിപ്പ് തിരിച്ചെത്തുന്നതോടെ ലിവർപൂൾ ഡിഫൻസ് ശക്തമാണ്. കണ്ടിരിക്കേണ്ട താരം ട്രെന്റ് അലക്സാണ്ടർ അർനോൾഡ് ആകും ആകും. ഒരു ഡിഫൻഡറുടെ ഒരു സീസണിലെ ഏറ്റവും കൂടുതൽ അസിസ്റ്റ് എന്ന ലോക റെക്കോർഡ് കഴിഞ്ഞ സീസണിൽ ഇട്ടിരുന്നു അർനോൾഡ്. ഈ സീസണിൽ അർണോൾഡ് നേക്കാൾ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ച താരം സിറ്റിയുടെ പ്ലേ മേക്കർ കെവിൻ ഡുബ്റൈനീ മാത്രമാണ്. അതും അർനോൾഡ് 28ഉം ഡുബ്റൈനീ 29ഉം.
 മാഞ്ചസ്റ്റർ പാളയത്തിൽ കാര്യങ്ങൾ അത്ര പന്തിയല്ല. പോഗ്ബയും ഡിഗെയും കളിക്കില്ല എന്നത് ഏകദേശം ഉറപ്പായി കഴിഞ്ഞു. ഗോൾകീപ്പർ ഗ്ലൗസ് റൊമെറോയുടെ കൈയിൽ തന്നെയാകും വന്നുചേരുക. അർജൻറീനയുടെ അനുഭവ സമ്പന്നനായ ഗോൾകീപ്പർ സ്വന്തം ഉത്തരവാദിത്വം നല്ല വൃത്തിയായി ചെയ്യുമെന്ന് പ്രതീക്ഷിക്കാം. പരിക്കേറ്റ ആൻറണി മാർഷ്യലും അസുഖ ബാധിതരായ വിക്ടർ ലിന്റലോഫും ആരൺ വാൻ-ബിസ്സാക്കയും തിരിച്ചെത്തുമെന്ന് മാനേജർ സോൾസ്ജർ പ്രതീക്ഷിക്കുന്നുഹ എന്നിരുന്നാലും ഡിഫൻസിനേക്കാൾ യുണൈറ്റഡിനെ വലയ്ക്കുന്നത് അറ്റാക്കിങ് ആണ്. മധ്യനിരയിൽ ക്രിയേഷൻ സംഭവിക്കുന്നില്ല എന്നത് ഒരു വലിയ അപാകതയാണ്. ഡിഫൻസ് മിഡിൽ പോഗ്ബയുടെ അഭാവത്തിൽ മാറ്റിച്ച് അല്ലാതെ സോൾസ്ജർക്ക് മറ്റൊരു ഓപ്ഷൻ കാണുന്നില്ല. ഫ്രെഡ് ആവശ്യത്തിലധികം തെറ്റുകൾ വരുത്തുന്നു. അങ്ങനെ വരുമ്പോൾ സ്കോട്ട് മക്ടോമിനിയുടെ തലച്ചോർ ആകും യുണൈറ്റഡ് വിജയ സാധ്യതകൾ തീരുമാനിക്കുന്നത്. രണ്ടാഴ്ചമുമ്പ് ആർസനലിനെതിരെ പുറത്തെടുത്ത് വീറും വാശിയും മെക്ടോമിനി ഈ മത്സരത്തിലും പുറത്തെടുക്കും എന്ന് ആരാധകർ പ്രതീക്ഷിക്കുന്നു. ലിവർപൂളിന് മറ്റൊരു തലവേദന സൃഷ്ടിക്കുന്നത് ഡാനിയൽ ജെയിംസിന്റെ വേഗതയാണ്. റാഷ്ഫോർഡും മാർഷ്യലും ഫോമിലേക്ക് ഉയർന്നാൽ ഈ മത്സരം തീപാറും എന്നത് നിശ്ചയമാണ്.

 

 ഈ സീസണിലെ 8 പ്രീമിയർ ലീഗ് മത്സരങ്ങളും ജയിച്ച വരുന്ന ലിവർപൂൾ എന്ന കയറു പൊട്ടിയ കുതിരയെ തടുക്കുക അത്ര എളുപ്പമാകില്ല യുണൈറ്റഡിന്. എന്നിരുന്നാലും അപ്രാപ്യമല്ല. ഇന്നത്തെ ലിവർപൂളിന്റെയും യുണൈറ്റഡിന്റെയും അവസ്ഥ നോക്കുമ്പോൾ ലിവർപൂൾ വിജയക്കുതിപ്പ് തുടരുക തന്നെ ചെയ്യും. എന്നാൽ ആരറിഞ്ഞു യുർഗൻ ക്ലോപ്പിന്റെ അശ്വമേധത്തിന് ഓൾഡ് ട്രാഫോഡിൽ കടിഞ്ഞാൺ വീഴുമെന്ന്.
Leave a comment