ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ലെഗ് സ്‌പിന്നർക്ക് ഇന്ന് ജന്മദിനം
അനിൽ കുംബ്ലെ (ജനനം. ഒക്ടോബർ 17, 1970, ബാംഗ്ലൂർ, കർണ്ണാടക) ഒരു മുൻ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനാണ്. 1990-ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച കുംബ്ലെയാണ് ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യക്കു വേണ്ടി ഏറ്റവുംകൂടുതൽ വിക്കറ്റുകൾ നേടിയ കളിക്കാരൻ. ടെസ്റ്റ് ക്രിക്കറ്റിൽ ഒരിന്നിംഗ്സിലെ മുഴുവൻ വിക്കറ്റുകളും നേടിയ രണ്ടു കളിക്കാരിലൊരാളാണ് കുംബ്ലെ. ഇംഗ്ലണ്ടിന്റെ ജിം ലേക്കറാണ് മറ്റൊരാൾ. 2007 നവംബർ മുതൽ 2008 നവംബർ വരെ ഇന്ത്യൻ ക്രിക്കറ്റ് ടെസ്റ്റ് ടീം ക്യാപ്റ്റനായിരുന്നു. നിലവിൽ ഐ പി എൽ പഞ്ചാബ് ടീം പരിശീലകൻ ആണ്.
ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബൗളർമാരിൽ ഒരാളായും ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി കളിച്ച ഏറ്റവും മികച്ച മാച്ച് ജേതാവായും അദ്ദേഹം കണക്കാക്കപ്പെടുന്നു.2016 ജൂൺ 24 ന് ബിസിസിഐ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഒരു വർഷത്തേക്ക് നിയമിതനായെങ്കിലും ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് രാജിവച്ചു. അനിൽ കുംബ്ലെയുടെ ഒരു വർഷത്തെ കാലാവധി 2017 ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം അവസാനിച്ചു. വരാനിരിക്കുന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിനായി അനിൽ കുംബ്ലെ ഇന്ത്യ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി തുടരുമെന്ന് ബിസിസിഎ ചീഫ് വിനോദ് റായ് 2017 ജൂൺ 12 ന് പ്രഖ്യാപിച്ചു. പാക്കിസ്ഥാനെതിരായ ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനൽ പരാജയപ്പെട്ടതിന് ശേഷം 2017 ജൂൺ 20 ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് അദ്ദേഹം സ്ഥാനമൊഴിഞ്ഞു.






































