ലോകകപ്പ് യോഗ്യത: രണ്ടാം ജയവുമായി ഒമാൻ
ലോകകപ്പ് യോഗ്യത മത്സരത്തിൽ ഒമാന് രണ്ടാം ജയം. ആദ്യ മൽസരത്തിൽ ഇന്ത്യയെ തോൽപ്പിച്ച ഒമാൻ രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് തോൽപ്പിച്ചത്.മൽസരത്തിൽ ആദ്യ പകുതിയിൽ രണ്ടും, രണ്ടാം പകുതിയിൽ ഒരു ഗോളുമാണ് ഒമാൻ നേടിയത്. ജയത്തോടെ രണ്ട് കളികളിൽ നിന്ന് ആറ് പോയിന്റായി. ഗ്രൂപ്പ് ഇയിൽ ഒമാൻ രണ്ടാം സ്ഥാനത്താണ്.
അബ്ദുള്‍ അസീസ് അല്‍ മുഖ്ബാലി ഒമാന് വേണ്ടി രണ്ട് ഗോളുകൾ നേടി. മത്സരം തുടങ്ങി ഇരുപത്തിയേഴാം മിനിറ്റിൽ ഒമാൻ ആദ്യ ഗോൾ നേടി. 11 മിനിറ്റുകൾക്ക് ശേഷം ഒമാൻ രണ്ടാം ഗോൾ നേടി ലീഡ് ഉയർത്തി. ആദ്യ രണ്ട് ഗോളുകളും നേടിയത് അബ്ദുള്‍ അസീസ് ആണ്. ആദ്യ പകുതി രണ്ട് ഗോളുകൾക്ക് മുന്നിട്ട് നിന്ന ഒമാൻ രണ്ടാം പകുതിയിൽ പെനാൽറ്റിയിലൂടെയാണ് മൂന്നാം ഗോൾ നേടിയത്. മുഹ്‌സിന്‍ അല്‍ ഗസാനി ആണ് അറുപതാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഗോൾ നേടിയത്.






































