ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഓസ്ട്രേലിയ അഞ്ച് ഗോളിന് നേപ്പാളിനെ തോൽപ്പിച്ചു
ഇന്നലെ നടന്ന ഓസ്ട്രേലിയ നേപ്പാൾ ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഓസ്ട്രേലിയക്ക് തകർപ്പൻ ജയം. മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ഓസ്ട്രേലിയ നേപ്പാളിനെ തോൽപ്പിച്ചത്. ഇന്നലെ നടന്ന ഗ്രൂപ്പ് ബി മത്സരത്തിൽ അനായാസ ജയമാണ് ഓസ്ട്രേലിയ നേടിയത്. ഓസ്ട്രേലിയയുടെ ഹോം ഗ്രൗണ്ടായ കാന്‍ബറയില്‍ നടന്ന മൽസരത്തിൽ ജെയ്മി മക്ലാരൻ ഹാട്രിക് നേടി.
തുടക്കം മുതൽ ആക്രമിച്ചു കളിച്ച ഓസ്ട്രേലിയ ആറാം മിനിറ്റിൽ ആദ്യ ഗോൾ നേടി ലീഡ് നേടി. പിന്നീട് പത്തൊൻപതാം മിനിറ്റിൽ രണ്ടാം ഗോൾ നേടി ഓസ്ട്രേലിയ അവരുടെ ലീഡ് ഉയർത്തി.രണ്ട് ഗോളും നേടിയത് ജെയ്മി ആണ്. നാല് മിനിട്ടുകൾക്ക് ശേഷം പ്രതിരോധതാരം ഹാരിയിലൂടെ അവർ മൂന്നാം ഗോൾ നേടി. ആദ്യ പകുതി മൂന്ന് ഗോൾ നേടിയ ഓസ്ട്രേലിയക്ക് വേണ്ടി നേപ്പാൾ താരം ദിനേശ് സെല്‍ഫ് ഗോൾ നേടി ലീഡ് 4-0 ആക്കി. അവസാന നിമിഷം 90-ാം മിനിറ്റില്‍ ജെയ്മി തൻറെ ഹാട്രിക് ഗോൾ നേടി.






































