ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്; മാരത്തോണില്‍ ടി ഗോപിക്ക് നിരാശ
ദോഹ: ദോഹയിൽ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മലയാളി താരം ടി ഗോപിക്ക് നിരാശ. പുരുഷന്മാരുടെ മാരത്തോണില്‍ മത്സരിച്ച ഗോപിക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. 57 പേര് മത്സരിച്ച ഇനത്തില്‍ ഗോപി 21-ാം സ്ഥാനത്താണ് ട്രാക്ക് ഫിനിഷ് ചെയ്തത്. ഗോപി 2 മണിക്കൂറും 15 മിനിറ്റും 57 സെക്കന്റുമെടുത്താണ് മത്സരം പൂര്‍ത്തിയാക്കിയത്.
73 കായിക താരങ്ങളാണ് മത്സരം ആരംഭിച്ച സമയത്ത് ട്രാക്കിൽ ഉണ്ടായിരുന്നതെങ്കിലും 18 പേര് ദോഹയിലെ കൊടും ചൂടുമൂലം പാതിവഴിയില്‍ എത്തിയപ്പോൾ തളർന്ന് പിൻമാറി. 2017ല്‍ ഏഷ്യന്‍ മാരത്തോണില്‍ 2.15.48 എന്ന സമയത്തില്‍ ഗോപി ജേതാവായിരുന്നു. 2.13.39 ആണ് ഗോപിയുടെ മികച്ച സമയം.






































