അഫ്ഗാനിസ്ഥാന് ക്രിക്കറ്റിനെ ഉയരങ്ങളിലേക്ക് എത്തിക്കാനായി പുതിയ പരിശീലകനെ നിയമിച്ചു
ദുബായ്: അഫ്ഗാനിസ്ഥാന് ക്രിക്കറ്റിനെ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിനായി മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ലാന്‍സ് ക്ലൂസ്നറെ പുതിയ പരിശീലകനായി നിയമിച്ചു. അഫ്ഗാൻ മുന്‍ പരിശീലകന് ഫില്‍ സിമ്മണ്‍സിന്റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ക്ലൂസ്നറെ നിയമിച്ചത്.
50 പേരുടെ അപേക്ഷയിൽ നിന്നും ഒട്ടേറെ പരിശോധനകള്‍ക്കുശേഷമാണ് പുതിയ പരിശീലകനെ തെരഞ്ഞെടുത്തതെന്ന് അഫ്ഗാന് ക്രിക്കറ്റ് ബോര്‍ഡ് സിഇഒ ലുത്ഫുള്ള സ്റ്റാനിക്സായ് പറഞ്ഞു. ലോകമറിയുന്ന ലാന്‍സ് ക്ലൂസ്നറുടെ പരിചയസമ്പത്ത് അഫ്ഗാന് ക്രിക്കറ്റ് കളിക്കാര്‍ക്ക് പുതിയ ദിശാബോധം കാട്ടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അഫ്ഗാന് ക്രിക്കറ്റിന്റെ പരിശീലകനാകാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് ക്ലൂസ്നര് പറഞ്ഞു. ഈ അവസരം വലിയ ബഹുമതിയായാണ് കരുതുന്നതെന്നും താരം പറഞ്ഞു. ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സിന്റെ ബൗളിങ് പരിശീലകനായി നേരത്തെ ക്ലൂസ്നര് ജോലി ചെയ്തിരുന്നു.






































