ധീര വീര സേവ-വീരോചിത സേവ-വീരേന്ദർ സേവാഗ്
ഇന്ന് ഞാനൊരു ക്രിക്കറ്റ് കളിക്കാരൻ ആണെങ്കിൽ അതിന് കാരണം ടെണ്ടുൽക്കറാണ് .ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ ഒരു ഓപ്പണിംഗ് ബാറ്റ്‌സ്മാൻറെ വാക്കുകളാണ് .സെഞ്ചുറിയിലേക്കും ,ഡബിൾ സെഞ്ചുറിയിലേക്കും ട്രിപ്പിൾ സെഞ്ചുറിയിലേക്കുമുള്ള ചെറിയ റൺ ദൂരം കയ്യാലപ്പുറത്തിരിക്കുമ്പോൾ ചങ്കിടിപ്പിൻറെ താളം തെറ്റുന്ന ലോകോത്തര കേമന്മാർക്ക് ഭാരതത്തിൻറെ കിടിലം സംഭാവന വീരേന്ദർ സെവാഗ് .
ക്രിക്കറ്റിലെ ബുദ്ധിജീവികൾക്കും ത്വാതിക ആചാര്യന്മാർക്കും ദഹിക്കാത്ത ബാറ്റിംഗ് ശൈലി.
എന്നും എപ്പോഴും തുടക്കത്തിലും ഒടുക്കത്തിലും ഒരു സാഹസികൻറെ മനസ്സോടെ ബൗളറെ നേരിട്ടു .വെടിനിർത്തലിനും സമാധാനത്തിനും പൊക്കി കാണിക്കുന്ന വെള്ള തൂവാല അല്ല പന്തടിച്ച് അതിർത്തി കടത്താനുള്ള ബാറ്റാണ് തൻറെ കയ്യിലെന്ന് തനിക്ക് എതിരെ ബൗൾ ചെയ്ത മിക്കവാറും എല്ലാ ബോളേഴ്സിനെയും ഓർമിപ്പിച്ചു .ആ ബാറ്റിൽ നിന്നും സങ്കീർണ്ണമായ പന്തുകളിൽ അതിമനോഹര ബൗണ്ടറി പിറന്നപ്പോൾ പലപ്പോഴും വിക്കറ്റ് നൽകി കൂടാരം കയറിയത് ദുർബലമായ ബോളുകളിൽ ആയിരുന്നു .
അക്രമമാണ് ഏറ്റവും നല്ല പ്രതിരോധമെന്ന് മനസ്സിൽ മന്ത്രിച്ചിരിക്കാം എന്തായാലും ആ ബാറ്റിൽ നിന്ന് പിറന്നതൊക്കെ ആരാധകരെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട് .ഓപ്പണിംഗ് ബാറ്റ്‌സ്മാന്മാരിൽ ടെണ്ടുൽക്കറിൻറെ വിക്കറ്റ് നഷ്ടപ്പെട്ടാലും സേവാഗിൻറെ വിക്കറ്റ് നഷ്ടപ്പെടല്ലേ എന്ന് പ്രാർത്ഥിച്ച കുറച്ച് പേരെങ്കിലും ഉണ്ടാവാം .സമകാലിക രാഷ്ട്രീയ സാമൂഹിക കായിക വിഷയങ്ങളിൽ ഇടപെടുന്നതിൽ മിടുക്ക് കാണിക്കാറുള്ള വീരു സാമൂഹ്യ മാധ്യമങ്ങൾ വഴി പലപ്പോഴും സിക്സർ അടിക്കാറുണ്ട് .






































