മുന്നിലേക്ക് കുതിക്കാൻ റയൽ മാഡ്രിഡ്; ഇന്ന് സെവിയ്യക്കെതിരെ..
ലാ ലീഗയിൽ റയൽ മാഡ്രിഡ് ഇന്ന് കളത്തിലിറങ്ങുന്നു. യുവേഫ ചാമ്പ്യൻസ് ലീഗിലെ ഞെട്ടിക്കുന്ന പരാജയത്തിന് ശേഷമുള്ള ആദ്യ മത്സരത്തിൽ സെവിയ്യ ആണ് ഇന്ന് റയൽ മാഡ്രിഡിന്റെ എതിരാളികൾ..
സീസണിൽ ഇതുവരെ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാനാകാതെ പോയ റയൽ മാഡ്രിഡ് വിജയം മാത്രമാണ് ഇന്ന് ലക്ഷ്യമിടുന്നത്. സീസണിൽ പരിക്കും സ്ഥിരതയില്ലായ്മയും ഒരുപോലെ വെല്ലുവിളിയാകുന്ന റയൽ മാഡ്രിഡിനെ സംബന്ധിച്ച് ശക്തരായ എതിരാളികൾ ആണ് ഇന്ന് സെവിയ്യ. പരിക്കേറ്റ മാഴ്സെലോയും ഇസ്കോയും മോഡ്രിച്ചുമടക്കമുള്ള സീനിയർ താരങ്ങളുടെ സേവനം ഇന്നും റയൽ മാഡ്രിഡിന് ലഭിച്ചേക്കില്ല. അതേ സമയം കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പുറത്തിരുന്ന നായകൻ സെർജിയോ റാമോസ് ഇന്ന് ടീമിൽ മടങ്ങിയെത്തും.
കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡ് വിശ്വാസമർപ്പിച്ച 2 മുഖങ്ങളാണിന്ന് സെവിയ്യ നിരയിൽ ശ്രദ്ധേയമാകുന്നത്. പരിശീലകൻ ഹുലെൻ ലൊപ്പെറ്റെഗ്വിയും റയൽ മാഡ്രിഡ് ലോണീ താരം സെർജിയോ റെഗ്വിലോണും. ലൊപ്പെറ്റെഗ്വിക്ക് കീഴിൽ മികച്ച പ്രകടനം തുടരുന്ന സെവിയ്യയുടെ പ്രധാന കരുത്താണ് സീസണിൽ റെഗ്വിലോൺ.

സീസണിൽ ഇതുവരെയുളള മത്സരങ്ങളിൽ റയൽ മാഡ്രിഡ് ദൗർഭല്യവും സെവിയ്യ കരുത്തും തെളിഞ്ഞുനിൽക്കുന്നത് പ്രതിരോധത്തിലാണ്. റയൽ മാഡ്രിഡ് പ്രതിരോധം ഓരൊ മത്സരത്തിലും പാളിയപ്പോൾ ലാ ലിഗ സീസണിൽ ഇതുവരെ 1 ഗോൾ മാത്രമാണ് സെവിയ്യ വഴങ്ങിയിട്ടുള്ളത്. 3 മത്സരത്തിൽ ക്ലീൻ ഷീറ്റ് നേടിയ സെവിയ്യ വലിയ ആത്മവിശ്വാസത്തൊടെയാണിന്ന് റയൽ മാഡ്രിഡിന് മുന്നിലെത്തുന്നത്. ലീഗിൽ 4 മത്സരങ്ങൾ പിന്നിട്ടപ്പോൾ 10 പോയ്ന്റുമായി സെവിയ്യ രണ്ടാം സ്ഥാനത്തും 8 പോയ്ന്റുമായി റയൽ മാഡ്രിഡ് അഞ്ചാം സ്ഥാനത്തുമാണ്.
ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം ആരംഭിക്കുന്നത്. മത്സരം ഇന്ത്യയിൽ സംപ്രേക്ഷണം ചെയ്യുന്നില്ല.
©Grada Fans De Kerala